ജില്ല തോറും ബാലനീതി പോലിസ് യൂനിറ്റുകള്‍ അനിവാര്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ബാലാവകാശ സംരക്ഷണ നിയമപ്രകാരം ജില്ല തോറും ബാലനീതി പോലിസ് യൂനിറ്റുകള്‍ അനിവാര്യമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാന്‍ അവര്‍ക്കു വേണ്ടി മാത്രമാണ് നിയമത്തില്‍ ബാലനീതി പോലിസ് യൂനിറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍, നിലവില്‍ ഓരോ ജില്ലയിലേയും ക്രൈം റെക്കോര്‍ഡ്‌സ് വിഭാഗം ഡിവൈഎസ്പിമാര്‍ അതത് ജില്ലയിലെ നോഡല്‍ ഓഫിസര്‍മാരായി പ്രവര്‍ത്തിച്ചുവരുകയാെണന്നും ബാലനീതി പോലിസ് യൂനിറ്റുകള്‍ ഇതുവരെ രൂപവല്‍ക്കരിച്ചിട്ടില്ലെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ രജിസ്ട്രാര്‍ കെ ആര്‍ പ്രസന്നന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പറയുന്നു. ബാലനീതി നിയമം ഫലപ്രദമായി നടപ്പാക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചട്ടപ്രകാരം ചെയര്‍പേഴ്‌സണെ കൂടാതെ ആറ് അംഗങ്ങളാണ് കമ്മീഷനു വേണ്ടത്. ആറു പേരുടെയും നിയമനം നടത്തിയെങ്കിലും രണ്ടുപേരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരായ അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. മാര്‍ച്ചില്‍ ചെയര്‍മാന്റെ കാലാവധി കഴിഞ്ഞു. ഇതേത്തുടര്‍ന്ന് അംഗങ്ങളില്‍ ഒരാളെ ആക്റ്റിങ് ചെയര്‍മാനാക്കി. ബാക്കി മൂന്ന് അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. ജില്ലാ ശിശുക്ഷേമ സമിതികളും ബാലനീതി ബോര്‍ഡുകളും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്. ഒരു വര്‍ഷത്തിനിടെ അഞ്ചു കേസുകളാണ് നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയത്.
ഇതാണ് തടസ്സമായിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനമെങ്കിലും ഏഴു വര്‍ഷത്തോളമായി സമിതിയംഗങ്ങള്‍ തുടരുന്ന അവസ്ഥയാണുള്ളത്. തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മതിയായ ജീവനക്കാരും സൗകര്യങ്ങളുമില്ല. ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ലാത്തത് ഗൗരവതരമായ പ്രശ്‌നമാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 817 സ്ഥാപനങ്ങളില്‍ 126 എണ്ണത്തിനും രജിസ്േട്രഷന്‍ ഇല്ല. ഇവയുടെ അപേക്ഷ പരിഗണനയിലാണ്. നിര്‍ഭയ ഷെല്‍റ്റര്‍ ഹോമുകള്‍ക്ക് പോലും രജിസ്‌ട്രേഷനി—ല്ലെന്നും റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it