Kollam Local

ജില്ല ചുട്ടുപൊള്ളുന്നു; താപനില 37 ഡിഗ്രിക്ക് മുകളിലേക്ക്

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: വേനല്‍ കടുത്തതോടെ ജില്ല ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലകളിലൊന്നാണ് കൊല്ലം. 37 ഡിഗ്രിയാണ് വെള്ളിയാഴ്ച പുനലൂരില്‍ അനുഭവപ്പെട്ട ചൂട്. എന്നാല്‍ ഇന്നലെ താപനില 36 ഡിഗ്രിയായി കുറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പെയ്ത വേനല്‍ മഴയാണ് ചൂടിന് അല്‍പ്പമെങ്കിലും കുറവ് വരുത്തിയത്. അതേസമയം, ചൂട് ഇനിയും കൂടാന്‍ സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് മാര്‍ച്ച് പകുതിക്ക് മുമ്പ് തന്നെ താപനില 37 ഡിഗ്രിയിലേക്ക് ഉയരുന്നത്. മാര്‍ച്ച് മാസത്തില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 38 ഡിഗ്രിയാണ്. കഴിഞ്ഞ മാര്‍ച്ച് 30നായിരുന്നു ഇത്. 1983 മാര്‍ച്ച് 31നും 1992 മാര്‍ച്ച് 29നും രേഖപ്പെടുത്തിയ 40.6 ഡിഗ്രിയാണ് കഴിഞ്ഞ 30 വര്‍ഷത്തിനിടെ ജില്ലയില്‍ മാര്‍ച്ച് മാസം രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില.
ചൂട് വര്‍ധിച്ചതോടെ സൂര്യതാപ ഭീഷണിയും നിലനില്‍ക്കുന്നു. സാധാരണയായി ഏപ്രില്‍, മേയ് മാസങ്ങളിലാണ് പുനലൂരില്‍ താപ നില വര്‍ധിക്കാറുള്ളത്. ഒരാഴ്ചയായി താപനില 37 ഡിഗ്രിക്കടുത്തായി തുടരുകയാണ്. ചൂട് വര്‍ധിച്ചതോടെ പുനലൂര്‍ ടൗണിലിറങ്ങാന്‍ പോലും ജനങ്ങള്‍ മടിക്കുകയാണ്. രാവിലെ 10.30നും വൈകീട്ട് മൂന്നിനും ഇടയില്‍ ചൂട് 39 ഡിഗ്രിവരെയെത്തുന്നുണ്ട്. പുലര്‍ച്ചെ 7.30ന് ടൗണ്‍ ജനങ്ങളെ കൊണ്ട് സജീവമാകുമെങ്കിലും 11മണിയോടെ വിജനമാകുന്ന കാഴ്ചയാണിപ്പോള്‍. വൈകീട്ട് 5മണിയോടെ വീണ്ടും ടൗണ്‍ സജീവമാകും. വെന്തുരുകുന്ന കനത്ത ചൂടിനെ ഭയന്നാണ് ജനങ്ങള്‍ ഉച്ച നേരത്ത് ടൗണിലെത്താന്‍ മടിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ടൗണില്‍ എത്തിയ നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. ജില്ലയിലെ മറ്റുഭാഗങ്ങളിലും സമാനമായ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. കടുത്ത ചൂടില്‍ നാടും നഗരവും ഒരുപോലെ പൊള്ളിപ്പൊരിയുന്ന കാഴ്ചയാണ് എങ്ങും. രാത്രിയിലും പകലും ഒരുപോലെയാണ് ചൂടിന്റെ കാഠിന്യം. രാത്രിയില്‍ അന്തരീക്ഷത്തില്‍ ഊഷ്മാവ് നിറഞ്ഞുനില്‍ക്കുന്നു. മരങ്ങളെല്ലാം ഉണങ്ങി തുടങ്ങി. പലയിടത്തും കാടുകളില്‍ തീപിടിക്കുന്നു. സാധാരണ ഗതിയില്‍ മാര്‍ച്ച് അവസാനം മുതലാണ് ജില്ലയില്‍ വേനല്‍ കടുക്കുന്നത്. എന്നാല്‍, ഇപ്പോഴുണ്ടായ കാലാവസ്ഥ വ്യതിയാനം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചൂട് കനത്തതോടെ പലയിടത്തും ജലാശയങ്ങള്‍ വറ്റിവരളുന്നത് കുടിവെള്ളക്ഷാമത്തിനും ഇടയാക്കുന്നു.
Next Story

RELATED STORIES

Share it