Kottayam Local

ജില്ല ഇന്ന് പോളിങ് ബൂത്തിലേക്ക്

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാഘട്ടം ഇന്നു നടക്കും. ജില്ലയില്‍ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1512 വാര്‍ഡുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. 71 ഗ്രാമപ്പഞ്ചായത്തുകളിലെ 1140 വാര്‍ഡുകളിലേക്കും, 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 146 വാര്‍ഡുകളിലേക്കും, ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളിലേക്കും, ആറു മുനിസിപ്പാലിറ്റികളിലെ 204 വാര്‍ഡുകളിലുമാണ് വോട്ടെടുപ്പ്. 5512 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. ഗ്രാമപ്പഞ്ചായത്തുകളില്‍ 4222, ബ്ലോക്ക് പഞ്ചായത്തുകളില്‍ 480, ജില്ലാ പഞ്ചായത്തില്‍ 95, മുനിസിപ്പാലിറ്റികളില്‍ 715 പേര്‍ വീതം മല്‍സരിക്കുന്നു.
മുത്തോലി ഗ്രാമപ്പഞ്ചായത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത് 120. ബ്ലോക്ക് പഞ്ചായത്തുകളില്‍ കാഞ്ഞിരപ്പള്ളിയിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ 51 പേര്‍. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് അതിരമ്പുഴയിലും കാഞ്ഞിരപ്പള്ളിയിലുമാണ്. ഏഴു പേര്‍ വീതം. മുനിസിപ്പാലിറ്റികളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ കോട്ടയത്താണ്. 214 പേര്‍. കുറവു പാലായില്‍. 69 പേര്‍. ത്രിതല പഞ്ചായത്തില്‍ 12,76,953 വോട്ടര്‍മാരും മുനിസിപ്പാലിറ്റികളില്‍ 2,26,628 വോട്ടര്‍മാരും ഉള്‍പ്പെടെ 15,03,581 വോട്ടര്‍മാരുണ്ട്. പുരുഷ വോട്ടര്‍മാരേക്കാള്‍ 26,734 സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുണ്ട്. പഞ്ചായത്തുകളില്‍ 2078, മുനിസിപ്പാലിറ്റികളില്‍ 253 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പനച്ചിക്കാട്ടാണു കൂടുതല്‍ വോട്ടര്‍മാരുള്ള പഞ്ചായത്ത്-32441 പേര്‍. കുറവ് തലനാടും-5553 പേര്‍. ബ്ലോക്ക് പഞ്ചായത്തുകളില്‍ വോട്ടര്‍മാര്‍ കാഞ്ഞിരപ്പള്ളിയിലാണ്-1,55,520 പേര്‍. കുറവ് ഈരാറ്റുപേട്ട-80,173 പേര്‍. ജില്ലാ പഞ്ചായത്തില്‍ വോട്ടര്‍മാര്‍ കൂടുതലുള്ള ഡിവിഷന്‍ മുണ്ടക്കയവും(71321) കുറവുള്ളത് പുതുപ്പള്ളിയിലും (50667) ആണ്. മുനിസിപ്പാലിറ്റികളില്‍ വോട്ടര്‍മാര്‍ കൂടുതല്‍ കോട്ടയത്താണ്-1,00,501 പേര്‍. കുറവ് പാലായില്‍ 17,127 പേര്‍.
മുനിസിപ്പല്‍ പ്രദേശത്തെ വോട്ടര്‍ ഒരു വോട്ടും, പഞ്ചായത്ത് പ്രദേശത്തെ വോട്ടര്‍ മൂന്ന് വോട്ടും (ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത്) രേഖപ്പെടുത്തണം. 33 ഗ്രാമപ്പഞ്ചായത്തുകളില്‍ അധ്യക്ഷ പദവി വനിതകള്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. തലയോലപ്പറമ്പ്, പനച്ചിക്കാട്, മുണ്ടക്കയം പഞ്ചായത്തുകള്‍ പട്ടിക ജാതിക്കാര്‍ക്കും മുളക്കുളം, തലയാഴം പഞ്ചായത്തുകള്‍ പട്ടികജാതി സ്ത്രീകള്‍ക്കും, മേലുകാവ് പട്ടിക വര്‍ഗത്തിനും സംവരണം ചെയ്തിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ ഉഴവൂര്‍, കടുത്തുരുത്തി, വൈക്കം, മാടപ്പള്ളി, കാഞ്ഞിരപ്പള്ളി എന്നിവ വനിതകള്‍ക്കും, പള്ളം പട്ടികജാതിക്കും, മുനിസിപ്പാലിറ്റികളില്‍ കോട്ടയം പട്ടിക ജാതിക്കും, പാലാ വനിതകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.
സ്ത്രീ വോട്ടര്‍മാരെക്കാള്‍ പുരുഷ വോട്ടര്‍മാര്‍ കൂടുതലുള്ള 13 പഞ്ചായത്തുകളുണ്ട്. ഉഴവൂര്‍, കടനാട്, മേലുകാവ്, മൂന്നിലവ്, പൂഞ്ഞാര്‍-തെക്കേക്കര, തീക്കോയി, ചെമ്പ്, വെള്ളൂര്‍, വെളിയന്നൂര്‍, തലനാട്, തലപ്പലം, തിടനാട്, കൂട്ടിക്കല്‍. എന്നിവ. തൃക്കൊടിത്താനം, ചിറക്കടവ്, വാഴൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഓരോ ഭിന്നലിംഗ വോട്ടര്‍മാരുണ്ട്.
Next Story

RELATED STORIES

Share it