malappuram local

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം: ഉദ്ഘാടനം നാളെ

തിരൂര്‍: മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം 26, നവംബര്‍ 11, 12 തീയ്യതികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ചായിരിക്കും ഉദ്ഘാടന ചടങ്ങ്.
17 സബ് ജില്ലകളില്‍ നിന്നായുള്ള എല്‍പി, യുപി, എച്ച്എസ്,എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളിലായി 9000ത്തിലധികം പ്രതിഭകള്‍ ശാസ്‌ത്രോല്‍സവത്തില്‍ മാറ്റുരക്കും. സംസ്ഥാന തല വായനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വെട്ടത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി കെ സായന്തന ഉദ്ഘാടനം ചെയ്യും. മലപ്പുറം ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ ശിവന്‍ അധ്യക്ഷത വഹിക്കും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കോട്ടക്കല്‍ മനോജ് മുഖ്യാതിഥിയായിരിക്കും. ലോഗോ രൂപകല്പന ചെയ്ത പുറത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ പി സുരേഷിനെ ആദരിക്കും.
ശാസ്ത്ര നാടക മല്‍സരം, സയന്‍സ് - സോഷ്യല്‍ ക്വിസ് മല്‍സരങ്ങളും ടാലന്റ് സേര്‍ച്ച് മല്‍സരവും നാളെ നടക്കും. പ്രവൃത്തി പരിചയമേള നിറമരുതൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഗണിത ശാസ്ത്രമേള കാട്ടിലങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐടി മേളകള്‍ താനൂര്‍ ഗവ. ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 11, 12 നും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പി രമേശ്വരന്‍, കെ സ് രാജേന്ദ്രന്‍ നായര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it