Idukki local

ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള ഇന്നു തുടങ്ങും : ജയമുറപ്പിക്കാന്‍ കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ ഉപജില്ലകള്‍



തൊടുപുഴ: കൈത്തഴക്കത്തിന്റെയും ബുദ്ധിവൈഭവത്തിന്റെയും അളവഴകുകള്‍ ദൃശ്യമാവുന്ന രണ്ടുദിനങ്ങളാണിനി തൊടുപുഴയ്ക്ക്. റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേള ഇന്ന് തൊടുപുഴ എ പി ജെ അബ്ദുല്‍ കലാം എച്ച് എസ് എസ്, ഡീപോള്‍ ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ് എന്നിവിടങ്ങളില്‍ ആരംഭിക്കും. കഴിഞ്ഞവര്‍ഷം ഇരട്ടയാര്‍ സ്‌കൂളില്‍ നടന്ന മേളയിലെ ജേതാക്കളായ കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ ഉപജില്ലകളിലെ പ്രതിഭകള്‍ സര്‍വ സന്നാഹങ്ങളുമായി തൊടുപുഴയില്‍ നേരത്തെ തന്നെ തയ്യാറായി എത്തിയിട്ടുണ്ട്. 2016ല്‍ സാമൂഹിക ശാസ്ത്രം, ഗണിത ശാസ്ത്രം, ഐടി മേളകളില്‍ കട്ടപ്പന സബ്ജില്ലയ്ക്കും ശാസ്ത്ര മേളയില്‍ നെടുംകണ്ടം സബ് ജില്ലയ്്ക്കും ഓവറോള്‍ കിരീടം ലഭിച്ചിരുന്നു. സാമൂഹിക ശാസ്ത്രത്തില്‍ രണ്ടാം സ്ഥാനം നെടുങ്കണ്ടം സബ് ജില്ല നേടിയിരുന്നു. ശാസ്ത്രമേളയില്‍ കട്ടപ്പന സബ്ജില്ലയും ഗണിത ശാസ്ത്ര മേളയില്‍ നെടുങ്കണ്ടം സബ് ജില്ലയും രണ്ടാം സ്ഥാനത്തെത്തി. പ്രവര്‍ത്തിപരിചയമേളയില്‍ ഓവറോള്‍ നേടിയ തൊടുപുഴ സബ് ജില്ലയ്ക്ക് ശാസ്ത്രമേളകളില്‍ മുന്‍പന്തിയിലെത്താന്‍ സാധിച്ചിരുന്നില്ല. ഇക്കുറി അതും സ്വന്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം. സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുന്‍വര്‍ഷങ്ങളിലെ ആധിപത്യം ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടരുക തന്നെ ചെയ്തു. 2015ല്‍ സംസ്ഥാനതലത്തില്‍ ഓവറോള്‍ കിരീടം നേടിയ സ്‌കൂള്‍ കഴിഞ്ഞവര്‍ഷം സബ് ജില്ലയില്‍ പങ്കെടുത്ത അഞ്ചിനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. ജില്ലാതല മല്‍സരത്തില്‍ വര്‍ക്കിങ് മോഡല്‍, സ്റ്റില്‍ മോഡല്‍, അറ്റ്‌ലസ് മേക്കിങ്, പ്രസംഗം, പ്രാദേശിക ചരിത്ര രചന തുടങ്ങിയ ഇനങ്ങളില്‍ എ ഗ്രേഡ് നേടിയാണ് ഓവറോള്‍ സ്വന്തമാക്കിയത്. പ്രവര്‍ത്തിപരിചയമേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ, യുപിയില്‍ നെടുങ്കണ്ടം, എല്‍പിയില്‍ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലകള്‍ ഓവറോള്‍ കരസ്ഥമാക്കിയിരുന്നു. തൊടുപുഴ ഉപജില്ല 13583 പോയിന്റാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നേടിയത്. രണ്ടാംസ്ഥാനത്തുള്ള അടിമാലി ഉപജില്ല 13428 പോയിന്റ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 12553 പോയിന്റും അടിമാലി 12271 പോയിന്റും സ്വന്തമാക്കി. എല്‍പിയില്‍ 7963 പോയിന്റുമായി കട്ടപ്പന സബ് ജില്ല ഒന്നാമതും തൊടുപുഴ ഉപജില്ല 6647 രണ്ടാമതുമെത്തി. അടിമാലിക്കാണ് മൂന്നാംസ്ഥാനം. യുപിയില്‍ നെടുങ്കണ്ടം സബ് ജില്ല 8914 പോയിന്റാണെടുത്തത്. രണ്ടാംസ്ഥാനത്തുള്ള കട്ടപ്പന സബ്ജില്ലയ്ക്ക് 8656 പോയിന്റുണ്ട്. സ്‌കൂള്‍തല ഓവറോള്‍ എല്‍പിയില്‍ മുളങ്കുന്ന് കെഎഎംഎല്‍പിസ് ഒന്നും പുറ്റടി എസ്എന്‍എല്‍പിഎസ് രണ്ടും സ്ഥാനങ്ങള്‍ നേടി. യുപിയില്‍ എഫ്എംജിഎച്ച്എസ്എസിനാണ് പ്രഥമസ്ഥാനം. ഹോളി ഫാമിലി കിളിയാര്‍കണ്ടം തൊട്ടുപിന്നിലെത്തി. ഹൈസ്‌കൂളിലും എഫ്എംജിഎച്ച്എസ് ഒന്നാമതെത്തി. കരിമണ്ണൂര്‍ സെന്റ് ജോസഫ് രണ്ടാമതായി. ഹയര്‍ സെക്കന്‍ഡറിയില്‍ മുതലക്കോടം സെന്റ് ജോര്‍ജ് ആദ്യസ്ഥാനത്തെത്തി. കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്എസിനാണ് രണ്ടാംസ്ഥാനം. ഈ വര്‍ഷം  ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, ഐടി മേള എന്നിവ എപിജെ അബ്ദുല്‍ കലാം എച്ച് എസ് എസിലും സാമൂഹിക ശാസ്ത്രമേള ഡീ പോള്‍ സ്‌കൂളിലുമാണ് ഒരുക്കിയിട്ടുള്ളത്. ഏഴ് ഉപജില്ലകളില്‍ നിന്നായി 3100 ഓളം പ്രതിഭകള്‍ പങ്കെടുക്കും. ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്നത് പ്രവൃത്തി പരിചയമേളയിലാണ്. 1680 പേര്‍. ഗണിത ശാസ്ത്രമേളയില്‍ 546 പേരും സാമൂഹിക ശാസ്ത്രമേളയില്‍ 350 പേരും ശാസ്ത്രമേളയില്‍ 280 പേരും ഐടി മേളയില്‍ 180 പേരും പങ്കെടുക്കും. ഇന്നും നാളെയും അതാത് മത്സര വേദികളില്‍ രജിസ്‌ട്രേഷനും ഭക്ഷണത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നു രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 11 ന് ചേരുന്ന സമ്മേളനത്തില്‍ പി ജെ ജോസഫ് എം എല്‍ എ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷയാവും. ഒമ്പതിന് വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യും. വിഎച്ച്എഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലീന രവിദാസ് സമ്മാനദാനം നിര്‍വഹിക്കും.
Next Story

RELATED STORIES

Share it