wayanad local

ജില്ലാ സ്‌കൂള്‍ കലോല്‍സവം; മാനന്തവാടി സ്‌കൂള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആദരിച്ചു

മാനന്തവാടി: സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിച്ച ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പിടിഎ അനുമോദിച്ചു.
എയ്ഡഡ് വിദ്യാലയങ്ങളോട് മല്‍സരിച്ച് 137 പോയിന്റുകള്‍ നേടിയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം ഓവറോള്‍ പട്ടം നിലനിര്‍ത്തിയത്. പങ്കെടുത്ത 25ല്‍ 15 ഇനങ്ങളിലും ഒന്നാംസ്ഥാനം നേടി. ഇതോടെ ഈ വര്‍ഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോല്‍സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ മല്‍സരത്തില്‍ പങ്കെടുപ്പിക്കുന്ന വിദ്യാലയമെന്ന ബഹുമതിയും സ്‌കൂള്‍ സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാന കലോല്‍സവത്തില്‍ സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാംസ്ഥാനം നേടിയതു മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തന്നെയായിരുന്നു.
പിടിഎയുടെ സഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രമേളയിലും കലാമേളയിലും ഈ വിദ്യാലയത്തെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമാക്കുന്നത്.
പ്രിന്‍സിപ്പല്‍ എം അബ്ദുല്‍ അസീസ്, കണ്‍വീനര്‍ പി വി ശിവസുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ 85 വിദ്യാര്‍ഥികളായിരുന്നു ഈ വര്‍ഷത്തെ ജില്ലാ കലോല്‍സവത്തില്‍ പങ്കെടുത്തത്.
യോഗത്തില്‍ പിടിഎ പ്രസിഡന്റ് തുളസീദാസ് അധ്യക്ഷത വഹിച്ചു. ദിലിന്‍ സത്യനാഥ്, പി ടി മാനുവല്‍, പി വി ജോര്‍ജ്, ടോണി ജോസഫ്, പി ഡി തോമസ്, നിര്‍മല വിജയന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it