kasaragod local

ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് തുടക്കമാവും

കാസര്‍കോട്: 56ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് മുന്നോടിയായി നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാവും. സ്റ്റേജിതര മല്‍സരങ്ങളാണ് ഇന്ന് നടക്കുക. നാളെ മുതല്‍ എട്ടുവരെ എട്ട് വേദികളിലായി സ്റ്റേജിന മല്‍സരങ്ങള്‍ നടക്കും.
കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നഗരസഭാ ഹാള്‍, ചിന്മയ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്റ്റേജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എട്ട് വേദികളും നദികളുടെ പേരിലാണ് അറിയപ്പെടുക. വേദി ഒന്ന് ചന്ദ്രഗിരി (സ്‌കൂള്‍ ഗ്രൗണ്ട്), വേദി രണ്ട് പയസ്വിനി (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍), വേദി മൂന്ന് തേജസ്വിനി (സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയം), വേദി നാല് മധുവാഹിനി (മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍), വേദി അഞ്ച് നേത്രാവതി (സ്‌കൂള്‍ ഓഡിറ്റോറിയം), വേദി ആറ് പെരിയാര്‍ (ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക്), വേദി ഏഴ് കാവേരി (മുനിസിപ്പല്‍ വനിതാ ഹാള്‍), വേദി എട്ട് കബനി (ചിന്മയ വിദ്യാലയം) എന്നിങ്ങനെയാണ്.
പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി 298 ഇനങ്ങളില്‍ അപ്പീലുകള്‍ ഒന്നും ഇല്ലാതെ 4426 മല്‍സരാര്‍ഥികള്‍ പങ്കെടുക്കും. ഇതിന് പുറമേ അപ്പീലുകള്‍ മുഖേന വരുന്ന മല്‍സരാര്‍ത്ഥികളും മല്‍സരത്തില്‍ പങ്കെടുക്കും. സ്റ്റേജിന മല്‍സരങ്ങള്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് നടക്കുക.
കലോല്‍സവത്തിന്റെ ഉദ്ഘാടനം അഞ്ചിന് വൈകീട്ട് നാലിന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിക്കും. എട്ടിന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.
ഇന്ന് യുപി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന, കവിതാരചന, കഥാരചന, ചിത്രരചന പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, കാര്‍ട്ടൂണ്‍, കൊളാഷ്, നിഘണ്ടു നിര്‍മാണം, തര്‍ജിമ, പദകേളി, പോസ്റ്റര്‍ രചന, ക്യാപ്ഷന്‍ രചന, പ്രശ്‌നോത്തരി, ഗദ്യവായന, പദപയറ്റ്, സമസ്യപൂരണം, അക്ഷരശ്ലോകം, ബാന്റ് മേളം നടക്കും.
Next Story

RELATED STORIES

Share it