ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധം; ചെന്നിത്തലയില്‍ സിപിഎമ്മില്‍ നിന്ന് 44 പേര്‍ രാജിവച്ചു

ആലപ്പുഴ: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച മൂന്നു പേരെ സിപിഎമ്മില്‍നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ കൂട്ടരാജി. പാര്‍ട്ടിനേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് 44 പേര്‍ രാജിവച്ചതായി അറിയിച്ച് നേതൃത്വത്തിനു കത്തു നല്‍കി.
ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. തെപ്പെരുന്തുറ ലോക്കല്‍ കമ്മിറ്റിയിലെ 26 പേരില്‍ 25 പേരും രാജിവച്ചു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇ എന്‍ നാരായണനെ പ്രസിഡന്റാക്കിയിരുന്നു. തുടര്‍ന്ന് ഇ എന്‍ നാരായണന്‍, പഞ്ചായത്ത് അംഗം ഡി ഗോപാലകൃഷ്ണന്‍, മാന്നാര്‍ ഏരിയാ കമ്മിറ്റി അംഗം കെ സദാശിവന്‍പിള്ള എന്നിവരെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നാണ് പുറത്താക്കല്‍ തീരുമാനമെടുത്തത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയിലെ ജയകുമാരിക്ക് വോട്ടു ചെയ്യാനായിരുന്നു സിപിഎം വിപ്പ് നല്‍കിയിരുന്നത്. ഇതു ലംഘിച്ച് സിപിഎമ്മിലെ ആറ് അംഗങ്ങള്‍ ചേര്‍ന്ന് ഇ എന്‍ നാരായണനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.
പ്രാദേശിക വികാരം മാനിക്കാതെ പ്രതികാരബുദ്ധിയോടെ ജില്ലാ നേതൃത്വം പ്രവര്‍ത്തിച്ചുവെന്നാണ് ചെന്നിത്തല, തൃപ്പെരുന്തുറ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളില്‍ ഉയര്‍ന്ന അഭിപ്രായം. ഈ രണ്ടു ലോക്കല്‍ കമ്മിറ്റികളുടെ തീരുമാനപ്രകാരമാണ് നാരായണനെ മല്‍സരിപ്പിച്ചത്. തങ്ങളുടെ താല്‍പര്യം മറികടന്നു പുതുമുഖമായ ജിനു ജോര്‍ജിനെ മല്‍സരിപ്പിക്കണമെന്ന തീരുമാനം അടിച്ചേല്‍പിക്കാനാണ് ജില്ലാ കമ്മിറ്റി ശ്രമിച്ചതെന്ന് രാജിവച്ചവര്‍ പറയുന്നു.
തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളില്‍ ജിനു ഒഴികെ ആറു പേരും നാരായണനെ പിന്താങ്ങുകയും ലോക്കല്‍ കമ്മിറ്റികള്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനം സിപിഐക്കു വിട്ടുകൊടുത്ത് പ്രതികാരബുദ്ധിയോടെ ജില്ലാ നേതൃത്വം പെരുമാറിയെന്ന് പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. എന്നാല്‍, സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സിപിഐക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്ന് ജില്ലാ നേതൃത്വം പറയുന്നു.
Next Story

RELATED STORIES

Share it