wayanad local

ജില്ലാ ശാസ്ത്രമേളയ്ക്കും കായികമേളയ്ക്കും ഫണ്ടില്ല; ജില്ലാ കലോല്‍സവത്തിന് 15 ലക്ഷം

മാനന്തവാടി: കലാമേള നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നില്‍കുന്നതു 15 ലക്ഷം രൂപ. എന്നാല്‍, സാധാരണക്കാരുടെ മക്കള്‍ക്കു കായികരംഗത്തും ശാസ്ത്രരംഗത്തും പുത്തന്‍ മുന്നേറ്റങ്ങള്‍ക്ക് അവസരമൊരുക്കുന്ന കായികമേളയും ശാസ്ത്രമേളയും നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത് തുച്ഛമായ തുക മാത്രം.
കഴിഞ്ഞ വര്‍ഷം മുതലാണ് ജില്ലാ കലാമേള നടത്താനായി സര്‍ക്കാര്‍ 15 ലക്ഷം രൂപ വീതം അനുവദിച്ചുതുടങ്ങിയത്. വയനാട് പോലുള്ള ചെറിയ ജില്ലയില്‍ ജില്ലാ കലാമേളയ്ക്ക് ഈ ഫണ്ട് ആവശ്യത്തിലധികമാണ്. പനമരത്ത് നടക്കുന്ന കലാമേളയ്ക്ക് 14 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബാക്കി തുക സര്‍ക്കാരിലേക്കു തന്നെ തിരിച്ചടയ്ക്കാനാണ് സംഘാടകരുടെ തീരുമാനം.
എന്നാല്‍, സാധാരണക്കാരുടെ കുട്ടികള്‍ കൂടുതലായി പങ്കെടുക്കുന്ന ജില്ലാ കായികമേള നടത്താനായി ഈ വര്‍ഷം അനുവദിച്ചു നല്‍കിയത് 1.34 ലക്ഷം രൂപയാണ്. കായികമേളയിലുപയോഗിക്കുന്ന ഉപകരണങ്ങള്‍ തുരുമ്പെടുത്തിട്ടും കാലപ്പഴക്കത്താല്‍ വിദ്യാര്‍ഥികള്‍ക്ക് മല്‍സരിക്കാന്‍ കഴിയാത്തവിധം കേടുവന്നിട്ടും പുതിയവ വാങ്ങാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല.
ഈ വര്‍ഷത്തെ ജില്ലാ ശാസ്ത്രമേള കഴിഞ്ഞിട്ടും മേളയ്ക്കായി ഇനിയും ഫണ്ടനുവദിച്ചു നല്‍കിയിട്ടില്ല. ജില്ലാ കലാമേളയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കുന്ന ഉപജില്ലാ കലാമേളകള്‍ക്ക് ഈ വര്‍ഷം അനുവദിച്ചത് 1.84 ലക്ഷം രൂപ മാത്രമാണ്.
10 ലക്ഷം രൂപയെങ്കിലും ചെലവ് വരുന്ന മേളയ്ക്കാണ് തുച്ഛമായ തുക സര്‍ക്കാര്‍ നല്‍കുന്നത്. വിദ്യാര്‍ഥികളില്‍ നിന്നു യാതൊരു പിരിവും നടത്തരുതെന്നു സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ ഉപജില്ലാകലാമേളയും കായികമേളയുമെല്ലാം ഏറ്റെടുക്കാന്‍ പിടിഎ കമ്മിറ്റികള്‍ മുന്നോട്ടുവരാറില്ല.
എന്നാല്‍, ജനശ്രദ്ധയാകര്‍ഷിക്കുന്ന മേളയെന്നതിനാല്‍ നേരത്തെ മുതല്‍ തന്നെ ജില്ലാ കലാമേള ഏറ്റെടുക്കുന്നതിന് പിടിഎകള്‍ മുന്നോട്ടുവരുന്നു. ഇപ്പോള്‍ ആവശ്യത്തിലധികം ഫണ്ടും സര്‍ക്കാര്‍ അനുവദിക്കാന്‍ തുടങ്ങിയതോടെ ജില്ലാ മേള നടത്താന്‍ കൂടുതല്‍ കമ്മിറ്റികള്‍ രംഗത്തെത്തുന്ന അവസ്ഥയാണ് നിലവില്‍.
Next Story

RELATED STORIES

Share it