ernakulam local

ജില്ലാ ലോട്ടറി ഓഫിസില്‍ വിജിലന്‍സ് റെയിഡ്

കൊച്ചി: ലോട്ടറി ടിക്കറ്റുകളുടെ വിതരണത്തില്‍ അഴിമതി നടത്തുന്നുവെന്ന പരാതിയില്‍ ജില്ലാ ലോട്ടറി ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി. പ്രാഥമിക പരിശോധയില്‍ അപാകതകള്‍ ഉള്ളതായി സൂചനയുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു.
90,000 ലോട്ടറി ടിക്കറ്റുകള്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്തവിതരണക്കാര്‍ക്ക് മറിച്ചുവിറ്റതായാണ് വിജിലന്‍സിന് ലഭിച്ച പരാതിയില്‍ ആരോപിച്ചിട്ടുള്ളത്. കേരളത്തിലെ സാധാരണക്കാരായ ലോട്ടറി ഏജന്റുമാര്‍ക്ക് വില്‍ക്കേണ്ട ലോട്ടറി അവിഹിതമായി അയല്‍സംസ്ഥാന വിതരണക്കാര്‍ക്ക് നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
കേരളത്തില്‍ 30 രൂപക്ക് വില്‍ക്കുന്ന ലോട്ടറി തമിഴ്‌നാട്ടില്‍ 50 രൂപക്കാണ് വില്‍ക്കുന്നതെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി ഓഫിസില്‍ വിജിലന്‍സ് സിഐ പീറ്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിട്ടുള്ള ഫയലുകളും പണമിടപാടിന്റെ ബില്ലുകളും വിജിലന്‍സ് പരിശോധിച്ചു.
നിരവധി രേഖകളുടെ കോപ്പികള്‍ പിടിച്ചെടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ പ്രാഥമിക പരിശോധനാ റിപോര്‍ട്ട് വിജിലന്‍സ് എസ്പിക്ക് സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it