Kottayam Local

ജില്ലാ ഭരണകൂടത്തിന്റെ വോട്ടോറിക്ഷ നിരത്തിലിറങ്ങി

കോട്ടയം: തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം വോട്ടോറിക്ഷ നിരത്തിലിറക്കി. ജില്ലാ കലക്ടര്‍ യു വി ജോസ് വോട്ടോറിക്ഷ ഫഌഗ് ഓഫ് ചെയ്തു. വോട്ടിങ് യന്ത്രം പരിചയപ്പെടുത്തുന്നതോടൊപ്പം വോട്ടുചെയ്യേണ്ടതിന്റെ പ്രാധാന്യവും സംഭാഷണരൂപത്തില്‍ അവതരിപ്പിക്കുന്ന വോട്ടോറിക്ഷകള്‍ ഒമ്പത് മണ്ഡലങ്ങളിലും പര്യടനം നടത്തും. മടിയനായ ബോബിച്ചന്‍, അങ്കണവാടി ടീച്ചറായ മോളമ്മ, വയസ്സനായ ഔത എന്നീ മൂന്നു കഥാപാത്രങ്ങള്‍ വോട്ടു ചെയ്യുന്നതും വോട്ടു ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതുമാണ് സംഭാഷണത്തില്‍. കാഴ്ചവൈകല്യം ഉള്ളവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും രജിസ്റ്റര്‍ ചെയ്താല്‍ സര്‍വീസ് ബൂത്തുവാഗണുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ടു ചെയ്യാന്‍ കൊണ്ടുപോവുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്യും എന്നതാണ് സന്ദേശം.
പിആര്‍ഡി അസി. എഡിറ്റര്‍ സിനി കെ തോമസ് തയ്യാറാക്കിയ സ്‌ക്രിപ്റ്റിന് ഔതയായി റവന്യൂ വകുപ്പിലെ എമിലും ബോബിച്ചനായി മനോജും മോളമ്മയായി ജൂനിയര്‍ സൂപ്രണ്ട് ഷാഹിന രാമകൃഷ്ണനും ശബ്ദം നല്‍കി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അനീഷ് പുന്നന്‍ പീറ്റര്‍ (സഞ്ചാരം-സഫാരി ചാനല്‍) വോയ്‌സ് ഓവര്‍ നല്‍കി. അസി. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മാഗി സീമന്തി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ടി വി സുഭാഷ്, ഇലക്ഷന്‍ സൂപ്രണ്ട് അനില്‍ ഉമ്മന്‍ പങ്കെടുത്തു. അതേസമയം തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം നിരത്തിലിറക്കിയ വോട്ടോറിക്ഷ ഇന്ന് പുതുപ്പള്ളി മണ്ഡലത്തില്‍ പര്യടനം നടത്തും.
ഒരു മണ്ഡലത്തില്‍ അഞ്ച് ദിവസം വീതമാണ് വോട്ടോറിക്ഷകള്‍ സഞ്ചരിക്കുന്നത്. നാലിന് ഏറ്റുമാനൂരിലാണ് പര്യടനം. അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ വോട്ടോറിക്ഷയില്‍ ഉണ്ടാവും. ഓരോ വില്ലേജിലെയും പരിചയസമ്പന്നരായ ജീവനക്കാര്‍ വോട്ടോറിക്ഷ സഞ്ചരിക്കേണ്ട പാതകള്‍ തയ്യാറാക്കും. ഗ്രാമപ്രദേശങ്ങളുടെ ഉള്‍ഭാഗങ്ങളില്‍ വരെ എത്താന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാഹനം സഞ്ചരിച്ച സ്ഥലങ്ങള്‍, ഓരോ ദിവസവും സഞ്ചരിച്ച ദൂരം എന്നിവയുടെ റിപോര്‍ട്ട് ഇആര്‍ഓമാര്‍ ജില്ലാ ഇലക്ഷന്‍ ഓഫിസില്‍ നല്‍കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മാഗി സിമന്തി അറിയിച്ചു.
Next Story

RELATED STORIES

Share it