kannur local

ജില്ലാ ഭരണകൂടത്തിന്റെ അന്ത്യശാസനം ഫലിച്ചു; കണ്ണൂര്‍-തലശ്ശേരി റൂട്ടില്‍ ബസ്സോട്ടം പുനരാരംഭിച്ചു

കണ്ണൂര്‍: തോട്ടട ഗവ. പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ ക്ലീനറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍-തോട്ടട-തലശ്ശേരി റൂട്ടില്‍ ഒരുവിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ നാലു ദിവസമായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു.
ഇന്നലെ മുഴുവന്‍ ബസ്സുകള്‍ പതിവുപോലെ സര്‍വീസ് നടത്തി. ഇന്നലെ ഓടാത്ത ബസ്സുകളുടെ പെര്‍മിറ്റും ജീവനക്കാരുടെ ലൈസന്‍സും റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം എഡിഎം ഒ മുഹമ്മദ് അസ്‌ലമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല, സര്‍വീസ് നടത്താത്ത 10 ബസ്സുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹനവകുപ്പും പോലിസും സ്വീകരിക്കുന്ന കര്‍ശന നടപടികള്‍ക്ക് ബസ്സുടമസ്ഥ സംഘവും വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പണിമുടക്കിയവര്‍ പിന്‍മാറിയത്. തൊഴിലാളി യൂനിയനുകളുടെയും ബസ്സുടമ സംഘത്തിന്റെയും പിന്തുണയില്ലാതെയാണ് ഒരു വിഭാഗം ജീവനക്കാര്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് മുതല്‍ പണിമുടക്ക് തുടങ്ങിയത്. അതേസമയം ക്ലീനറെ മര്‍ദിച്ച കേസിലെ മുഴുവന്‍ പ്രതികളേയും 10 ദിവസത്തിനകം പിടികൂടുമെന്നും സ്ഥിരം സംഘര്‍ഷം നടക്കുന്ന തോട്ടടയില്‍ ക്ലാസ് വിടുന്ന സമയം പോലിസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണു പണിമുടക്ക് പിന്‍വലിച്ചതെന്നു സമരക്കാര്‍ അറിയിച്ചു.
ബസ് തടയാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നറിയിക്കുകയും പോലിസ് സംരക്ഷണമേര്‍പ്പെടുത്തുകയും ചെയ്തതോടെ ബസ് തൊഴിലാളികള്‍ സര്‍വീസ് നടത്താന്‍ മുന്നോട്ടുവരികയായിരുന്നു.
ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. 12 പേര്‍ക്കെതിരേയാണ് എടക്കാട് പോലിസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തലശ്ശേരി, കണ്ണൂര്‍ ബസ്സ്റ്റാന്‍ഡുകളില്‍ പോലിസ് കാവലേര്‍പ്പെടുത്തിയിരുന്നു.
പണിമുടക്കിയ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസും പോലിസ് വാഹനങ്ങള്‍ വരെ സര്‍വീസ് നടത്തിയതും ആശ്വാസമായിരുന്നു.
Next Story

RELATED STORIES

Share it