Idukki local

ജില്ലാ ബാങ്കിന് ഹൈക്കോടതി നോട്ടീസ് നല്‍കി

തൊടുപുഴ: ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ നടന്ന ചട്ടവിരുദ്ധ പ്രമോഷനുകളില്‍ ഹൈക്കോടതിയുടെ നോട്ടീസ്. പ്രമോഷനുകള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ലത കെ സി, തോമസ് വര്‍ഗീസ്,  സജി സി റ്റി, സജി കെ എസ്, സജികുമാര്‍ പി എന്‍, സോജന്‍ ചാക്കോ എന്നിവര്‍ക്കാണ് കഴിഞ്ഞ നവംബര്‍ എട്ടിന് ക്ലര്‍ക്ക്/കാഷ്യര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കിയത്.
അഡ്മിനിസ്‌ട്രേറ്റര്‍ രാഷ്ട്രീയ സ്വാധീനത്താല്‍ ചട്ടംലംഘിച്ചാണ് പ്രമോഷന്‍ നല്‍കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പ്രമോഷനില്‍ പാലിക്കേണ്ട 5:1 അനുപാതം തെറ്റിച്ചെന്ന് റിട്ട് പെറ്റീഷനില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിട്ട് പരിഗണിച്ചാണ് പ്രമോഷന്‍ നേടിയ ആറ് പേര്‍ക്ക് കോടതി നോട്ടീസ് അയച്ചത്.  റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിട്ട് പെറ്റീഷന്റെ അന്തിമ വിധി  പ്രമോഷന് ബാധകമായിരിക്കുമെന്ന്  ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. റിട്ടേര്‍മെന്റ് ഒഴിവുകള്‍ പോലും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിനെതിരെ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച മറ്റൊരു റിട്ട് പെറ്റിഷനും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ജില്ലാ സഹകരണ ബാങ്കിലെ യഥാര്‍ത്ഥ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍  ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലേയ്ക്ക് 2017 ജനുവരിയില്‍ പിഎസ്‌സി പ്രസിദ്ധീകരിച്ച  റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ വെട്ടിലായിരിക്കുകയാണ്. ഇതിന് മുന്‍പ് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2014 ജൂണ്‍ 30 ന് അവസാനിച്ചതാണ്. എന്നാല്‍ നാളിതുവരെ ഒരു വേക്കന്‍സി പോലും പുതുതായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. നിലവില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 30 ഒഴിവുകള്‍ സൊസൈറ്റി കാറ്റഗറിയില്‍ എന്‍സിഎ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. 2009 ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ വേണ്ടത്ര സംവരണക്കാര്‍ ഇല്ലാതിരുന്നതിനാലാണ് ഇത് സൃഷ്ടിക്കപ്പെട്ടത്   ഈ ഒഴിവുകളിലേയ്ക്ക് പിഎസ്‌സി രണ്ട് തവണ പരീക്ഷ നടത്തിയിട്ടും ഇപ്പോഴും 22 വേക്കന്‍സികള്‍ നിലനില്‍ക്കുകയാണ്. 2014 ജൂണ്‍ 30 ന് അന്നുണ്ടായിരുന്ന ക്ലര്‍ക്ക്/കാഷ്യര്‍ റാങ്ക് പട്ടിക അവസാനിച്ചതിന് ശേഷം ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ 2014-15,15-16, 16-17 വര്‍ഷങ്ങളിലെ പൊതുയോഗ നോട്ടീസുകള്‍ പ്രകാരവും വിവരാവകാശ നിയമപ്രകാരം നേടിയ മറുപടി പ്രകാരവും  22 റിട്ടയര്‍മെന്റ്  വേക്കന്‍സികല്‍ ഉളളതായി പറയുന്നുണ്ട്. എന്നാല്‍, ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ചട്ടലംഘനത്തിലൂടെ ജില്ലാ ബാങ്കില്‍ അനധികൃത പ്രമോഷന്‍ നല്‍കുകയാണെന്നാണ് ആക്ഷേപം.
പ്യൂണ്‍ തസ്തികയില്‍ നിയമിക്കുന്നയാളെ എച്ച്ഡിസി കോഴ്‌സിനയച്ച് ഒഴിവുവരുന്ന മുറയ്ക്ക് ക്ലാര്‍ക്കായി പ്രമോഷന്‍ നല്‍കുന്നു. ജില്ല സഹകരണ ബാങ്കില്‍ നിലവില്‍ ക്ലര്‍ക്ക്/കാഷ്യര്‍ തസ്തികയിലേയ്ക്ക് പ്യൂണ്‍ തസ്തികയില്‍ നിന്നും പ്രമോഷന്‍ നല്‍കിയിരിക്കുന്നത് 4:1 എന്ന അനുപാതത്തിലാണ്. ഇത് ഹൈക്കോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 5:1 അനുപാതത്തിലേ ഇത്തരം പ്രമോഷന്‍ നല്‍കാവൂ എന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it