wayanad local

ജില്ലാ പ്രവേശനോല്‍സവം ഇന്നു മേപ്പാടി ഗവ. സ്‌കൂളില്‍

കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു മേപ്പാടി ഗവ. എല്‍പി സ്‌കൂളില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും 1000 ഓളം കുട്ടികളുടെ വര്‍ധനവാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്. 8,235 വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. 'ഹലോ ഇംഗ്ലീഷ്' പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ ജൂലൈ മുതല്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഏകാധ്യാപക വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് യൂനിഫോം നല്‍കുന്ന പദ്ധതി മുടങ്ങിയത്.
കേന്ദ്രസര്‍ക്കാര്‍ ഫണ്ടും പഞ്ചായത്തുകള്‍ അനുവദിച്ചിരുന്ന ഫണ്ടും പകുതിയായി വെട്ടിക്കുറച്ചതിനാലാണ്. ഇതിന് പരാഹാരം കാണുന്നതിനായി പദ്ധതികള്‍ ആലോചിക്കുമെന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ എസ് സുഹാസ് മുഖ്യാതിഥിയായിരിക്കും. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, സിസിടിവി ഉദ്ഘാടനം എം വി ശ്രേയാംസ്‌കുമാര്‍, പഠനോപകരണ കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, പ്രഭാതഭക്ഷണ പദ്ധതിയുടെ വിതരണോദ്ഘാടനം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം അനിലാ തോമസ്, അക്കാദമിക കലണ്ടര്‍ പ്രകാശനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി സണ്ണി, ഗ്രീന്‍ പ്രോട്ടോകോളിന്റെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ റോഷ്‌ന യൂസുഫ്, ഉന്നതവിജയം നേടിയവരെ ആദരിക്കല്‍ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ ബേബി നിര്‍വഹിക്കും.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മാനന്തവാടി ബ്ലോക്കില്‍ വാളാട് ഗവ. ഹൈസ്‌കൂളിലും ബ്ലോക്ക്തല പ്രവേശനോല്‍സവം നടക്കും.
കൂടാതെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലും പ്രവേശനോല്‍സവം സംഘടിപ്പിക്കും. ജില്ലയിലെ 286 സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലും പ്രവേശനോല്‍സവം സംഘടിപ്പിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
അക്കാദമിക കലണ്ടര്‍ പ്രകാശനം, സൗജന്യ പാഠപുസ്തക വിതരണം, സൗജന്യ യൂനിഫോം വിതരണം, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ വിദ്യാലയങ്ങളില്‍ നാളെ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഹണി ജെ അലക്‌സാണ്ടര്‍, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി എന്‍ ബാബുരാജ്, മേപ്പാടി ജിഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക ലിസി ജോസഫ്, മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂസന്‍ റോസാരിയോ, ഗവ. എല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി ഹാരിസ് എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it