wayanad local

ജില്ലാ പോലിസ് മേധാവിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമം; ക്വാറി ഉടമ അറസ്റ്റില്‍



കല്‍പ്പറ്റ: ജില്ലാ പോലിസ് മേധാവിയെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച ക്വാറി ഉടമ അറസ്റ്റില്‍. അമ്പലവയല്‍ കുമ്പളേരി കൊടികുളത്ത് കെ പി ബാബു (50) ആണ് അറസ്റ്റിലായത്. ക്വാറി നടത്തിപ്പിന് പോലിസിന്റെ നിയമവിരുദ്ധ സഹായം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത്. ജില്ലാ പോലിസ് മേധാവി അരുള്‍ ആര്‍ ബി കൃഷ്ണയ്ക്ക് നല്‍കാനായി കൊണ്ടുവന്ന പണവും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. അമ്പലവയല്‍ കുമ്പളേരിയിലാണ് ബാബു ക്വാറി നടത്തുന്നത്. കല്‍പ്പറ്റയിലും ഇയാള്‍ ക്വാറി നടത്തുന്നതായി പറയപ്പെടുന്നു. സര്‍ക്കാര്‍ ജീവനക്കാരന് കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം ഭൂരിഭാഗം ക്വാറികളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. എന്നാല്‍, നിരോധനം നിലനില്‍ക്കെ ചില ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്വാറി ഉടമകള്‍ക്കെതിരേ വന്‍ തുക പിഴയും ചുമത്തി. അതിനിടെ, പോലിസ് നടപടികളെ പ്രതിരോധിക്കുന്നതിന് രാഷ്ട്രീയതലത്തിലും മറ്റും ശക്തമായ സമ്മര്‍ദങ്ങളാണ് ക്വാറി ലോബി നടത്തിയത്. ഇതിനിടെയാണ് ജില്ലാ പോലിസ് മേധാവിക്ക് പണം നല്‍കി സ്വാധീനിച്ച് ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ശ്രമം നടന്നത്. ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചതിനെതിരേ ഉടമകളുടെ സംഘടനയുടെ നേതൃത്വത്തില്‍ നിയമപോരാട്ടവും നടന്നുവരികയാണ്. അധികൃതരെ സമ്മര്‍ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനും ക്വാറി ഉടമകളുടെ സംഘടന തീരുമാനിച്ചിരുന്നു.
Next Story

RELATED STORIES

Share it