Kollam Local

ജില്ലാ പദ്ധതി രൂപീകരണം അന്തിമ ഘട്ടത്തിലേക്ക്്‌

കൊല്ലം: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ജില്ലാ പദ്ധതി രൂപീകരണം അന്തിമ ഘട്ടത്തിലേക്ക്. ജില്ലാ പദ്ധതിയുടെ ഉപസമിതികള്‍ തയ്യാറാക്കിയ കരട് പദ്ധതികളുടെ അവതരണം ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഉപസമിതികളുടെ കണ്‍വീനര്‍മാരായ ജില്ലാതല ഉദ്യോഗസ്ഥരാണ് പദ്ധതി അവതരണം നിര്‍വഹിച്ചത്.ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു. യോഗത്തില്‍  ആസൂത്ര ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍, ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ വിനോദ്, ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍, ആസൂത്രണസമിതി അംഗങ്ങള്‍, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി പങ്കെടുത്തു.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജില്ലയുടെ വികസനത്തിനും അനുയോജ്യമായ സമഗ്ര പദ്ധതി സര്‍ക്കാര്‍ നയങ്ങളും വിദഗ്ധരുടെ ഉപദേശങ്ങളും ഉള്‍പ്പെടുത്തി എല്ലാ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന്  തയ്യാറാക്കണമെന്ന് കെ എന്‍ ഹരിലാല്‍ നിര്‍ദ്ദേശിച്ചു. വ്യവസായ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍  തുടങ്ങണം. സര്‍ക്കാരിന്റെ ഇന്‍ക്യുബേഷന്‍ ഫണ്ട് പോലുള്ള സാധ്യതകള്‍ വിനിയോഗിച്ച് സംരംഭക ക്ലബ്ബുകള്‍ പ്രോല്‍സാഹിപ്പിക്കുകയും അത്തരം പദ്ധതികള്‍ ഉള്‍പ്പെടുത്തി പ്രോജക്ടുകള്‍ തയ്യാറാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഉപസമിതികള്‍ അവതരിപ്പിച്ച പദ്ധതികളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് അന്തിമ ജില്ലാ പദ്ധതിയുടെ കരട് തയ്യാറാക്കുക. അഭിപ്രായ രൂപീകരണത്തിനുശേഷം പരിഷ്‌കരിക്കുന്ന കരട് ജനുവരി 10ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന  വികസന സെമിനാറില്‍ ചര്‍ച്ച ചെയ്യും.
Next Story

RELATED STORIES

Share it