kannur local

ജില്ലാ പദ്ധതി: മണ്ഡലാടിസ്ഥാനത്തില്‍ 15നകം പ്രത്യേക യോഗങ്ങള്‍



കണ്ണൂര്‍: ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി നവംബര്‍ 15നകം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ്തീരുമാനം. എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ തദ്ദേശസ്ഥാപന ഭരണസമിതി അംഗങ്ങള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവരും പങ്കെടുക്കും. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച 17 ഉപസമിതികളും പരിഗണിക്കേണ്ട വിഷയങ്ങളും മണ്ഡലങ്ങളിലെ ഓരോ മേഖലയിലെയും പൊതുവായ വികസന ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഉപസമിതികള്‍ പരിഗണിക്കേണ്ട കാര്യങ്ങളും നിര്‍ദേശങ്ങളും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എഴുതി നല്‍കാമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. ഓരോ മേഖലയുമായും ബന്ധപ്പെടുന്ന എല്ലാ വിഭാഗം ആളുകളുമായും വിദഗ്ധരുമായും ഉപസമിതികള്‍ ആശയ വിനിമയം നടത്തണം. സമഗ്ര വിവരശേഖരണവും നടത്തേണ്ടതുണ്ട്. കുറ്റമറ്റ രീതിയില്‍ ജില്ലാ പദ്ധതി തയ്യാറാക്കാന്‍ വിപുലമായ പങ്കാളിത്തം ഉപസമിതികള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ വികസന പദ്ധതികള്‍ രൂപീകരിക്കുന്നതിന് സഹായകമാവുന്ന സമഗ്രമായ കാഴ്ചപ്പാടും പരിഗണനാ മേഖലകളും നിര്‍ണയിക്കുന്നതിനാണ് ജില്ലാ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തുകളും മറ്റ് തദ്ദേശസ്ഥാപനങ്ങളും ഒന്നായി സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ ഒട്ടേറെ മേഖലകളില്‍ വലിയ നേട്ടം ഉണ്ടാക്കാനാവുമെന്ന് പി കെ ശ്രീമതി എംപി അഭിപ്രായപ്പെട്ടു. ജില്ലാ തലത്തില്‍ സമഗ്രമായ കാഴ്ചപ്പാടോടെയുള്ള പദ്ധതികള്‍ എന്നതാണ് ജില്ലാ പദ്ധതി മുന്നോട്ടുവയ്ക്കുന്ന ആശയം.
Next Story

RELATED STORIES

Share it