wayanad local

ജില്ലാ പദ്ധതി കരട് റിപോര്‍ട്ട് അവലോകനം 11, 12 തിയ്യതികളില്‍

കല്‍പ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാ പദ്ധതി കരട് റിപോര്‍ട്ട് 11, 12 തിയ്യതികളില്‍ അവലോകനം ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയോഗം തീരുമാനിച്ചു. വിവിധ സബ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി ലൈഫ് മിഷന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ലഭ്യമാക്കിയ 50 സെന്റ് സ്ഥലത്ത് ഫഌറ്റ് നിര്‍മിക്കുന്നതിനുള്ള ഡിപിആര്‍ തയ്യാറാക്കിവരുന്നതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. കൂടാതെ ജില്ലാ ഭരണകൂടം 248 ഏക്കര്‍ ഭൂമി കണ്ടെത്തി സര്‍ക്കാരിലേക്ക് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നു കലക്ടര്‍ യോഗത്തെ അറിയിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. നിലവില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ പൂര്‍ത്തീകരിക്കാത്ത 6,200 വീടുകള്‍ക്കുള്ള എസ്റ്റിമേറ്റ് എടുക്കേണ്ടതുണ്ട്. ഇതില്‍ ആയിരം എസ്റ്റിമേറ്റുകള്‍ എടുത്തുകഴിഞ്ഞു. വിവിധ വകുപ്പുകളുടെ സിവില്‍-എന്‍ജിനീയറിങ് വിഭാഗങ്ങളുടെ സഹകരണം തേടിക്കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കാനായി ജില്ലാ കലക്ടര്‍ പുതിയ ഉത്തരവ് പുറത്തിറക്കും. ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ എടുക്കുന്ന പ്രതിലോമ നിലപാട് ശരിയല്ലെന്നു കലക്ടര്‍ യോഗത്തില്‍ സൂചിപ്പിച്ചു.
ലൈഫ് മിഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കേണ്ടതെന്നും കലക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജില്ലാതല അപ്പീലിന് ശേഷം ലൈഫിനുള്ള ഗുണഭോക്തൃ പട്ടിക അന്തിമമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it