Idukki local

ജില്ലാ പട്ടികജാതി വികസന ഓഫിസില്‍  ക്രമക്കേടിനു കളമൊരുങ്ങുന്നു

തൊടുപുഴ: സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കി വരുന്ന 'ഭൂരഹിത പുനരധിവാസ പദ്ധതിയുടെ പേരില്‍ ഇടുക്കി ദേവികുളം ബ്ലോക്കിനു കീഴില്‍ വന്‍ അഴിമതിക്ക് കളമൊരുങ്ങുന്നു.
പദ്ധതി പ്രകാരം ഭൂമിയനുവദിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പലതും ലംഘിച്ചതിനാല്‍ ഈ പദ്ധതി നിര്‍ത്തണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് മറികടക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്.ഒരു വര്‍ഷം മുമ്പാണ് ദേവികുളം ബ്ലോക്കിനു കീഴില്‍ 50 പേര്‍ക്ക് ഭൂമി കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രാദേശികനേതാവ് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ ലിസ്റ്റ് സമര്‍പ്പിച്ചു.ഭൂമി നല്‍കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട വകുപ്പുതല മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസ് പദ്ധതിക്കനുകൂലമായി നടപടി സ്വീകരിച്ചില്ല.ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരില്‍ അഭിപ്രായ ഭിന്നതയുമുണ്ടായി.തുടര്‍ന്നു ഓഫിസിലെ ചിലരുടെ അറിവോടെ രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാത്ത സംഘടനയുടെ പേരില്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.ഹൈക്കോടതിയില്‍ കേസ് പരിഗണനക്ക് വന്നപ്പോള്‍ ജില്ലാ ഓഫിസിലെ ബന്ധപ്പെട്ടവര്‍ കോടതിയില്‍ ഹാജരാവുകയോ ഹരജിക്കാരുടെ വാദത്തെ എതിര്‍ക്കുകയോ ചെയ്തില്ല.
ഇതു മൂലം പരാതിയില്‍ പറഞ്ഞിരിക്കുന്ന 50 പേരില്‍ 48 പേര്‍ക്ക് വീട് നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഇതിന്റെ തുടര്‍ച്ചയെന്നോണം 48 ഗുണഭോക്താളുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയെങ്കിലും പലരും തമിഴ് വംശജരായിരുന്നതിനാല്‍ 30 പേര്‍ക്ക് മാത്രമേ രേഖകള്‍ പൂര്‍ണമായും ഹാജരാക്കുവാന്‍ കഴിഞ്ഞുള്ളൂ.ഇവര്‍ക്ക് ഭൂമി നല്‍കുന്നതിനായി മറയൂരിനു സമീപം ബാബുനഗറില്‍ ഒന്നരയേക്കറിലധികം വരുന്ന ഭൂമി ഏറ്റെടുപ്പിക്കാനാണിപ്പോള്‍ ശ്രമം നടക്കുന്നത്.
ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥയോടെ സര്‍ക്കാര്‍ പതിച്ച് നല്‍കിയിരിക്കുന്ന ഭൂമിയാണിപ്പോള്‍ പട്ടിക ജാതിക്കാര്‍ക്കായി കൂടിയ വിലയ്ക്ക് മുറിച്ച് വില്‍ക്കാന്‍ ശ്രമം നടക്കുന്നത്.കൂടാതെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ കോളനിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കരുതെന്ന സര്‍ക്കാര്‍ നയം കൂടി ഇതോടെ അട്ടിമറിക്കപ്പെട്ടു.
Next Story

RELATED STORIES

Share it