Pathanamthitta local

ജില്ലാ പഞ്ചായത്ത് 'ശരണപാതയില്‍ തണല്‍മരം' പദ്ധതി ഉപേക്ഷിച്ചു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് കൊട്ടിഘോഷിച്ച  ‘ശരണപാതയില്‍ തണല്‍മരം പദ്ധതി’ ഉപേക്ഷിച്ചു. പദ്ധതി നടപ്പാക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പദ്ധതി ഉപേക്ഷിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയില്‍ തീരുമാനമെടുത്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  ‘ശരണപാതയില്‍ തണല്‍മരം പദ്ധതി’ നടപ്പാക്കുന്നതിന് പ്രാഥമികമായി 10 ലക്ഷം രൂപ വകയിരുത്തിയത്. തിരുവാഭരണ പാതയിലെ പന്തളം മുതല്‍ ളാഹ വരെയുള്ള 48 കിലോ മീറ്റര്‍ ദൂരത്തിലുള്ള പാതയുടെ ഇരുവശങ്ങളിലുമായി തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, പുഷ്പ സസ്യങ്ങള്‍ എന്നിവയുടെ തൈകള്‍ വച്ച് പിടിപ്പിച്ച്,  ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകള്‍,  കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ മുഖേന പരിപാലിക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ദേവസ്വം ബോര്‍ഡ്, റവന്യൂ വകുപ്പ്, തിരുവാഭരണ പാത സംരക്ഷണ സമിതി എന്നിവരുടെ മേല്‍നോട്ടത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും പദ്ധതി വിഭാവനം ചെയ്തിരുന്നു. 2017 ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ വനം വകുപ്പില്‍ നിന്നും സൗജന്യമായി ലഭിച്ച ഫലവൃക്ഷത്തൈകള്‍ പരമ്പരാഗത തിരുവാഭരണ പാതയില്‍ നട്ടു് പിടിപ്പിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പന്തളം കൃഷി അസി.എക്‌സി.എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നടപ്പാക്കാനിരുന്ന പദ്ധതിക്ക് പലവിധത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പദ്ധതിയുടെ തുടക്കം മുതല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തിരുവാഭരണ പാത കടന്ന് പോവുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ജല അതോറിറ്റി കുടിവെള്ള പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ എന്നിവയും, മറ്റ് ഇതര നിര്‍മാണ പ്രവര്‍ത്തനങ്ങളും ഫലവൃക്ഷത്തൈകള്‍ ഫലപ്രദമായി സംരക്ഷിച്ച് പരിപാലിക്കുന്നതിന് തടസ്സമാവുമെന്ന് വിലയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതിക്കായി വകയിരുത്തിയ തുക സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്കായി വിനിയോഗിക്കും.
Next Story

RELATED STORIES

Share it