Kottayam Local

ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനില്‍ ഇത്തവണ പോരാട്ടം കനക്കും

വൈക്കം: മുന്‍കാലങ്ങളില്‍ എല്‍.ഡി.എഫിന് അനായാസ വിജയം നേടിക്കൊടുത്തിരുന്ന ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനില്‍ ഇത്തവണ പോരാട്ടം കനക്കാന്‍ സാധ്യത. ഇപ്പോഴത്തെ തീരുമാനങ്ങള്‍ യാഥാര്‍ഥ്യമായാല്‍ എല്‍.ഡി.എഫും യുഡി.എഫും രണ്ട് ശക്തന്‍മാരെയാണ് കളത്തിലിറക്കാന്‍ പോവുന്നത്. എല്‍.ഡി.എഫില്‍ നിന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശനും യു.ഡി.എഫില്‍ നിന്ന് തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂനിയന്‍ കണ്‍വീനറും ചെമ്പ് ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എസ് ഡി സുരേഷ് ബാബുവുമായിരിക്കും സ്ഥാനാര്‍ഥികള്‍ ആകാന്‍ സാധ്യത. മുന്‍കാലങ്ങളില്‍ സി.എം.പിക്ക് വഴിപാടായി നല്‍കിയ ഡിവിഷനില്‍ ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുക.

ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളും, തലയാഴം പഞ്ചായത്തിന്റെ ഒരു ഭാഗവും ഉള്‍പ്പെടുന്നതാണ് വൈക്കം ഡിവിഷന്‍. ഈ പഞ്ചായത്തുകളില്‍ സി.പി.ഐയും സി.പി.എമ്മും ശക്തമാണ്. എന്നാല്‍ എസ്.എന്‍.ഡി.പിയുടെ രംഗപ്രവേശമാണ് കാര്യങ്ങള്‍ തകിടം മറിക്കുന്നത്. ഈ ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കൂടി വന്നാല്‍ ത്രികോണ മല്‍സരത്തിന് കളമൊരുങ്ങും. എസ്.എന്‍.ഡി.പി നേതാവായ സുരേഷ്ബാബുവിനെതിരെ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി പരീക്ഷണത്തിന് ഒരുമ്പെടാന്‍ എസ്.എന്‍.ഡി.പിയും ബി.ജെ.പിയും തയ്യാറായേക്കില്ല. ഇതു തന്നെയാണ് ഫലം പ്രവചനാതീതമാക്കുന്നത്.
Next Story

RELATED STORIES

Share it