kozhikode local

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണം: ഗ്രാമസഭ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗ്രാമസഭ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. നേരത്തേ ചേര്‍ന്ന കര്‍മസമിതി, വിദഗ്ധ സമിതി യോഗ തീരുമാനങ്ങള്‍ 15 ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്ത ശേഷമാണ് ഗ്രാമസഭ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. അടുത്ത വാര്‍ഷിക പദ്ധതിയില്‍ മാലിന്യസംസ്‌ക്കരണം, കുടിവെള്ളം, സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട വ്യവസായം, കൃഷി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ഗ്രാമസഭ നിയന്ത്രിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
ഓരോ ഗ്രാമപ്പഞ്ചായത്തും തങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് സ്‌നേഹസ്പര്‍ശം പദ്ധതിയിലേക്ക് ചുരുങ്ങിയത് രണ്ടു ലക്ഷം രൂപ വകയിരുത്തണം. എയിഡ്‌സ് രോഗികളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കും. കുന്നുകൂടിക്കിടക്കുന്ന മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യാന്‍ പദ്ധതികളാവിഷ്‌ക്കരിക്കും. ചെറുവണ്ണൂര്‍ വ്യവസായ എസ്റ്റേറ്റ് മാതൃകയില്‍ കൂടുതല്‍ എസ്റ്റേറ്റുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വികസന ഫണ്ട് (ജനറല്‍) 26,89,70,000 രൂപ, വികസന ഫണ്ട് (എസ് സി പി) 11,43,58,000 രൂപ, വികസന ഫണ്ട് (ടി.എസ്.പി) 50,54,000 രൂപ, മെയിന്റനന്‍സ് ഗ്രാന്റ് (നോണ്‍ റോഡ്) 7,50,25,000 രൂപ, മെയിന്റനന്‍സ് ഗ്രാന്റ് (റോഡ്) 38,10,56,000 രൂപ എന്നിങ്ങനെ 2016-17 വര്‍ഷത്തേക്ക് ആകെ 84,44,63,000 രൂപയാണ് ജില്ലാ പഞ്ചായത്തിന് അനുവദിച്ചിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഗ്രാമസഭയില്‍ പങ്കെടുത്തത്.
ഗ്രാമസഭയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് കരട് പദ്ധതിരേഖകളുണ്ടാക്കുന്നതാണ് പദ്ധതി രൂപീകരണത്തിന്റെ അടുത്തഘട്ടം. സ്റ്റാന്റിങ് കമ്മിറ്റികള്‍ ചേര്‍ന്ന് പദ്ധതികള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിച്ച ശേഷം അവ പദ്ധതിരേഖയുടെ ഭാഗമാക്കുകയും മാസാവസാനം ചേരുന്ന വികസന സെമിനാറില്‍ കരട് രേഖയായി അവതരിപ്പിക്കുകയും ചെയ്യും.
അതിനു ശേഷമാണ് പദ്ധതികള്‍ ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുക. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, മുതിര്‍ന്ന അംഗം അഹമ്മദ് പുന്നക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലീം തുടങ്ങിയവര്‍ സംസാരിച്ചു. ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Next Story

RELATED STORIES

Share it