kasaragod local

ജില്ലാ പഞ്ചായത്ത് ഭരണം: പ്രതീക്ഷയുമായി മുന്നണികള്‍

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഭരണം ഇപ്രാവശ്യം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് ഭരണപക്ഷവും നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നു. ജില്ലാ പഞ്ചായത്തിലേക്ക് ലീഗ് മല്‍സരിച്ച മഞ്ചേശ്വരം, കുമ്പള, സിവില്‍ സ്റ്റേഷന്‍, ചെങ്കള, ദേലമ്പാടി ഡിവിഷനുകള്‍ തങ്ങള്‍ നേടുമെന്ന് ലീഗ് അവകാശപ്പെടുന്നുണ്ട്. ലീഗ് മല്‍സരിച്ച എടനീരില്‍ ക്രോസ് വോട്ട് നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ എതിര്‍സ്ഥാനാര്‍ഥിയായി മല്‍സരിച്ച സിപിഐയിലെ സനോജ് കാടകത്തിനെ കാലുവാരിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്തിന് ചിലയിടങ്ങളില്‍ ക്രോസ് വോട്ട് ചെയ്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലീഗ് സ്ഥാനാര്‍ഥി മാഹിന്‍ കേളോട്ട് നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കോണ്‍ഗ്രസ് മല്‍സരിച്ച ഉദുമ, ചിറ്റാരിക്കാല്‍, എളേരി, പിലിക്കോട് ഡിവിഷനുകളില്‍ വിജയം ഉറപ്പാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇങ്ങനെവരുമ്പോള്‍ ഒമ്പതോ പത്തോ സീറ്റുകള്‍ നേടി യുഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം നേടുമെന്നാണ് ഭരണകക്ഷിയുടെ അവകാശവാദം. അതേസമയം വോര്‍ക്കാടിയില്‍ യുഡിഎഫ് റിബല്‍ മല്‍സര രംഗത്ത് വന്നത് എല്‍ഡിഎഫിന് നേട്ടമായിട്ടുണ്ടെന്നും പുത്തിഗെ, പെരിയ, ചെറുവത്തൂര്‍, ബളാല്‍, എളേരി, ചിറ്റാരിക്കാല്‍, മടിക്കൈ, പിലിക്കോട്് ഡിവിഷനുകളില്‍ തങ്ങള്‍ക്ക് വിജയം സുനിശ്ചിതമാണെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നുണ്ട്. ബിജെപി എടനീര്‍, ദേലമ്പാടി, വോര്‍ക്കാടി ഡിവിഷനുകളിലാണ് കണ്ണുനട്ടിരിക്കുന്നത്. എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ ബിജെപിക്ക് പ്രതിനിധിയുണ്ടാവില്ലെന്നാണ് ഇരുമുന്നണികളും പറയുന്നത്. നിലവിലുള്ള പഞ്ചായത്ത് ഭരണസമിതികളില്‍ വോര്‍ക്കാടി യുഡിഎഫിന് നഷ്ടപ്പെട്ടേക്കും. അതേസമയം ഇപ്പോള്‍ ബിജെപി ഭരിക്കുന്ന പൈവളിഗെ, എല്‍ഡിഎഫ് ഭരിക്കുന്ന പുത്തിഗെ, മുളിയാര്‍, പടന്ന, വലിയപറമ്പ പഞ്ചായത്തുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നും യുഡിഎഫ് അവകാശപ്പെടുന്നുണ്ട്. അജാനൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തും. അതേസമയം കാറഡുക്ക, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ ഇവിടത്തെ മല്‍സര ഫലം പ്രവചനാതീതമാണ്. കാറഡുക്ക നിലവില്‍ ബിജെപിയും ബെള്ളൂര്‍ എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. നീലേശ്വരം നഗരസഭയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തും. എന്നാല്‍ ഭരണം എല്‍ഡിഎഫിനായിരിക്കുമെന്നാണ് നേതൃത്വം പറയുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ യുഡിഎഫ് വ്യക്തമായ ആധിപത്യം നേടിയിട്ടുണ്ട്. കാറഡുക്ക, കാഞ്ഞങ്ങാട്,നീലേശ്വരം ബ്ലോക്കുകളില്‍ എല്‍ഡിഎഫിനാണ് ആധിപത്യം. എന്നാല്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഇപ്രാവശ്യം എല്‍ഡിഎഫ് സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 22ഓളം പഞ്ചായത്ത് ഭരണ സമിതികള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് യുഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തുമെന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നുണ്ട്. ബിജെപിക്ക് നിലവിലുള്ള മൂന്ന് പഞ്ചായത്തുകളില്‍ മധൂര്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും ഇവിടെ ഭൂരിപക്ഷം കേവലമായിരിക്കുമെന്നും ഇരുമുന്നണികളും പറയുന്നു. മധൂരില്‍ നിലവില്‍ 15 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇവിടെ ലീഗ് ഏഴ്, കോണ്‍ഗ്രസ് ഒന്ന്, സിപിഎം ഒന്ന് സീറ്റുകള്‍ വീതം നേടുമെന്നും ബിജെപിക്ക് 10-11 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് ഇരുമുന്നണികളും പറയുന്നത്. എസ്ഡിപിഐ ജില്ലയില്‍ ശക്തമായ ആധിപത്യം ഉറപ്പിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. നിലവിലുള്ള മഞ്ചേശ്വരം മച്ചംപാടി വാര്‍ഡും നീലേശ്വരം നഗരസഭയില്‍ ഏതാനും വാര്‍ഡുകളും പടന്ന, വലിയപറമ്പ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനാവുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it