kannur local

ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന് പിന്നാലെ ജില്ലാ പഞ്ചായത്ത് ഭരണവും ഇടതുപക്ഷത്തിന്. പാട്യം ഡിവിഷനില്‍നിന്നു വിജയിച്ച കാരായി രാജനെ ജില്ലാ പ്രസിഡന്റായും കടന്നപ്പള്ളി ഡിവിഷനില്‍നിന്നുള്ള പി പി ദിവ്യയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 24 അംഗങ്ങളുള്ള കൗണ്‍സിലില്‍ ഇരുവരും 15 വീതം വോട്ടുകള്‍ നേടി. ഉളിക്കല്‍ ഡിവിഷനില്‍നിന്നുള്ള കോണ്‍ഗ്രസിലെ തോമസ് വര്‍ഗീസ് ആയിരുന്നു യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന് ഒമ്പതു വോട്ടുകള്‍ ലഭിച്ചു. കാരായി രാജന്റെ പേര് കെ വി സുമേഷ് നിര്‍ദേശിക്കുകയും പി കെ സുരേഷ്ബാബു പിന്താങ്ങുകയും ചെയ്തു. തോമസ് വര്‍ഗീസിനെ അന്‍സാരി തില്ലങ്കേരി നിര്‍ദേശിച്ച് കെ പി ചന്ദ്രന്‍ പിന്താങ്ങി. വരണാധികാരിയായ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്യുകയും ഡിവിഷന്‍ ക്രമത്തില്‍ മുഴുവന്‍ അംഗങ്ങളും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കലക്ടര്‍ രണ്ടു സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ച വോട്ടുകള്‍ തരംതിരിച്ചു. ആദ്യമെണ്ണിയത് കാരായി രാജനു ലഭിച്ച വോട്ടുകളായിരുന്നു. 15 വോട്ടുകള്‍ കരസ്ഥമാക്കിയെന്ന പ്രഖ്യാപനം വന്നതോടെ ജില്ലാ പഞ്ചായത്ത് ഹാളില്‍ മുദ്രാവാക്യമുയര്‍ന്നു.
തുടര്‍ന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പയ്യാവൂര്‍ ഡിവിഷനില്‍നിന്നുള്ള കോണ്‍ഗ്രസിലെ പി കെ സരസ്വതിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.
പി പി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കാരായി രാജന്‍ ഫസല്‍വധ ഗൂഢാലോചനക്കേസിലെ പ്രതിയാണ്. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗമായ പി പി ദിവ്യ ഇരിണാവ് സ്വദേശിനിയാണ്. പി ജയരാജന്‍, എം വി ജയരാജന്‍, കെ പി സഹദേവന്‍, പ്രഫ. കെ എ സരള തുടങ്ങിയവര്‍ വിജയികളെ അനുമോദിക്കാനെത്തി.
Next Story

RELATED STORIES

Share it