kasaragod local

ജില്ലാ പഞ്ചായത്ത് ഭരണം ഇരുമുന്നണികള്‍ക്കും വെല്ലുവിളി

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഭരണം ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകുന്നു. 17 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് എട്ട്, എല്‍ഡിഎഫ് ഏഴ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫില്‍ ലീഗ് നാല്, കോണ്‍ഗ്രസ് നാല് എന്നിങ്ങനെയാണ് അംഗസംഖ്യ.
ഒറ്റകക്ഷിയെന്ന നിലയില്‍ യുഡിഎഫിന് അവകാശവാദം ഉന്നയിക്കാമെങ്കിലും ബിജെപി സ്വീകരിക്കുന്ന നിലപാട് ജില്ലാ പഞ്ചായത്ത് ഭരണത്തെ പ്രതിസന്ധിയിലാക്കും. യുഡിഎഫില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജി, ലീഗിലെ എ ജി സി ബഷീര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. എന്നാല്‍ സംസ്ഥാന തലത്തില്‍ യുഡിഎഫ് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വീതംവെക്കുന്നത്.
യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചാല്‍ എല്‍ഡിഎഫിലെ അഡ്വ. വി പി പി മുസ്തഫയും മല്‍സര രംഗത്തുണ്ടാകും. എന്നാല്‍ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കണമെങ്കില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണം. ഒരാള്‍ നാമനിര്‍ദ്ദേശം ചെയ്യാനും ഒരാള്‍ പിന്തുണക്കാനുമാണ് വേണ്ടത്. ഇതിന് പാര്‍ട്ടിക്ക് അംഗസംഖ്യയില്ല. ഇങ്ങനെവരുമ്പോള്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകും. ബിജെപി വോട്ടെടുപ്പില്‍ നിന്ന് മാറിനിന്നാല്‍ മാത്രമേ യുഡിഎഫിന് ഭരണം കിട്ടുകയുള്ളു. ഏതെങ്കിലും കക്ഷിക്ക് വോട്ട് ചെയ്താല്‍ അത് ഭരണ പ്രതിസന്ധിയുളവാക്കും.
എല്‍ഡിഎഫ് ബിജെപി പിന്തുണയോടെ ഭരണത്തിലേറാന്‍ സാധ്യതയില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായി പുറത്തുവന്നിട്ടുണ്ട്.
ഇതനുസരിച്ച് ബിജെപിക്ക് ഒരു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കി പ്രസിഡന്റ് പദവി ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലയുള്ളത്. ഇദ്ദേഹം ലീഗ് വിരുദ്ധസമീപനമാണ് സ്വീകരിക്കുന്നത്. അങ്ങനെവരുമ്പോള്‍ കോണ്‍ഗ്രസ് അംഗം മല്‍സരിക്കുകയാണെങ്കില്‍ ഒരുപക്ഷെ ബിജെപി വിട്ടുനിന്നേക്കുമെന്നാണ് അറിയുന്നത്. അതേസമയം യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമുള്ള എണ്‍മകജെ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ ഇരുമുന്നണികളും ചില സഹകരണങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന.
മുളിയാര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇവിടെ യുഡിഎഫ് ഏഴ്, എല്‍ഡിഎഫ് ഏഴ് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിയുടെ ഒരംഗം ഇവിടെ നിര്‍ണായകമാണ്. ബിജെപി അംഗം വിട്ടുനിന്നാല്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാവും. ബിജെപി അംഗം വോട്ട് ചെയ്താല്‍ ഇരുമുന്നണികള്‍ക്കും ഇത് തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ ഭരണ പ്രതിസന്ധി ഉടലെടുക്കും. ബിജെപിയെ ഇരുമുന്നണികളും അകറ്റി നിര്‍ത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് ഇവരുമായി തൊട്ടുകൂടായ്മയൊന്നുമില്ല. ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ ഭരണത്തിലേറുക എന്നതാണ് കോണ്‍ഗ്രസിലെ ചിലര്‍ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തും ഇതേ പ്രതിസന്ധി നിലനില്‍ക്കും.
Next Story

RELATED STORIES

Share it