kannur local

ജില്ലാ പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക-ആരോഗ്യ മേഖലകള്‍ക്ക് മുന്‍ഗണന

കണ്ണൂര്‍: പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പദ്ധതികളില്‍ കൃഷിക്കും ജലസംരക്ഷണത്തിനു മുന്‍ഗണന നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റിനു അംഗീകാരം. ജില്ലയെ സ്ത്രീ സൗഹൃദമാക്കാന്‍ വിവിധ പദ്ധതികളും വിദ്യാഭ്യാസമേഖലയില്‍ പുതിയ ചുവടുകളുമാണ് വൈസ് പ്രസിഡന്റ് പി പി ദിവ്യ അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലയുടെ വികസനത്തിനായി 18.05 കോടിയും മല്‍സ്യബന്ധന മേഖലയു്ക്ക് 2.45 കോടിയും വകയിരുത്തി. വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയില്‍ 2.78 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും. ജില്ലയെ സ്ത്രീ സൗഹൃദമാക്കാന്‍ 2 കോടിയുടെ പ്രവര്‍ത്തന പരിപാടികള്‍ നടപ്പാക്കും. പാലക്കാടിനു ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ മല്‍സ്യക്കുഞ്ഞുങ്ങളുടെ വിത്തുല്‍പാദനകേന്ദ്രം സ്ഥാപിക്കാനും തുക വകയിരുത്തി. മല്‍സ്യകുഞ്ഞുങ്ങളെ പുഴകളിലും ജലാശയങ്ങളിലും നിക്ഷേപിച്ച് മാലിന്യരഹിതമാക്കാന്‍ കഴിയുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
സയന്‍സ് പാര്‍ക്ക് റിസോഴ്‌സ് സെന്ററായി ഉയര്‍ത്തും. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 27 ലക്ഷം വകയിരുത്തി. 25 ലക്ഷം രൂപയുടെ മിനി തിയേറ്റര്‍ സംവിധാനത്തോടുകൂടിയ ഹാളും ഇവിടെ ഒരുക്കും. ആകെ 103,53,73,500 രൂപ വരവും 98,69,00,000 രൂപ ചെലവും 4,84,73,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
തുടര്‍ന്നു നടന്ന ബജറ്റു ചര്‍ച്ചയില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് തുക വകയിരുത്തിയത് കുറഞ്ഞു പോയെന്നു പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ക്ഷീരമേഖലയ്ക്കും ആര്‍എംഎസ്എ സ്‌കൂളുകള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും റോഡ് നവീകരണത്തിനു കൂടുതല്‍ ഫണ്ട് കണ്ടെത്തണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ട് അനുവദിച്ചതില്‍ അഞ്ച് കോടി കുറവാണെന്നും ഈ തുക അനുവദിച്ചു കിട്ടിയാല്‍ കുടിവെള്ളം, റോഡ് ഗതാഗതം എന്നിവയ്ക്കു മുന്‍ഗണനാ ക്രമത്തില്‍ തുക മാറ്റിവയ്ക്കുമെന്നും വൈസ് പ്രസിഡന്റ് പി പി ദിവ്യ മറുപടി നല്‍കി.
ചര്‍ച്ചകള്‍ക്കു ശേഷം ഏകകണ്ഠമായാണ് ബജറ്റ് അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍, അജിത്ത്, മാട്ടൂല്‍, കെ നാണു, സണ്ണി മേച്ചേരി, പി ഗൗരി, കെ പി ചന്ദ്രന്‍, സുമിത്ര ഭാസ്‌കരന്‍, ആര്‍ അജിത, പി പി ഷാജിര്‍, കെ പി ജയബാലന്‍, കെ മഹിജ, പി വിനീത, മാര്‍ഗരറ്റ് ജോസ്, ജാനകി, പി കെ സരസ്വതി, ടി ആര്‍ സുശീല, കെ കെ രാജീവന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി എം കെ ശ്രീജിത്ത് സംസാരിച്ചു.

ബജറ്റിലെ നൂതന പദ്ധതികള്‍

അഴുക്കില്‍ നിന്നു അഴകിലേക്ക്:
ജില്ലയിലെ പുഴകള്‍, കുളങ്ങള്‍, ജലാശയങ്ങള്‍ സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി

പെണ്‍കുഞ്ഞ് പൊന്‍കുഞ്ഞ്:
ജില്ലാ ആശുപത്രിയില്‍ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ

വൃക്ഷ സമൃദ്ധി പദ്ധതി:
പരിസ്ഥിതി ദിനത്തില്‍ ആഗോള താപനത്തിനെതിരേ വൃക്ഷ തൈ നട്ടുവളര്‍ത്തുന്ന പദ്ധതി.

ഏകലവ്യന്‍ പദ്ധതി:
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഉന്നത സര്‍വകലാശാലകളില്‍ പഠിക്കാനുള്ള സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി.

ഷി ഓട്ടോ പദ്ധതി:
വനിതകള്‍ക്കുള്ള ഓട്ടോ റിക്ഷ നല്‍കുന്ന പദ്ധതി.

ഇ-അറ്റന്‍ഡന്‍സ് പദ്ധതി:  

രക്ഷിതാക്കള്‍ വീട്ടില്‍ ഇരുന്നുകൊണ്ട് മക്കളുടെ പഠന നിലവാരം അറിയുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയാണ് ഇ-അറ്റന്‍ഡന്‍സ് പദ്ധതി.

പ്രധാന പ്രഖ്യാപനങ്ങള്‍
1. ജില്ലാ പഞ്ചായത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി
2. ഹൈടെക് കൃഷിയും വിഷരഹിത പച്ചക്കറിയും പ്രോല്‍സാഹിപ്പിക്കും
3. ജില്ലാ-ഗ്രാമ-ബ്ലോക്ക് കേന്ദ്രങ്ങളില്‍ വിപണന-വിതരണ കേന്ദ്രങ്ങള്‍
4. തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ സമഗ്രപദ്ധതി
5. 25 ഹെക്ടര്‍ സ്ഥലത്ത് കുടുംബശ്രീ വഴി ഫാഷന്‍ഫ്രൂട്ട് കൃഷി.
6. 11 ബ്ലോക്കുകളില്‍ ജൈവവള പ്ലാന്റുകള്‍ നിര്‍മിക്കും
7. കരിമ്പം ഫാം ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി സെന്ററാക്കും
8. ചട്ടുകപ്പാറ വനിതാവ്യവസായ എസ്റ്റേറ്റില്‍ കശുവണ്ടി സംസ്‌കരണ യൂനിറ്റ്
9. ജില്ലയില്‍ ആദ്യത്തെ ഇ-വേസ്റ്റ് സംസ്‌കരണ കേന്ദ്രം തുടങ്ങും
10. കശുമാങ്ങ നാളികേര സംസ്‌കരണ യൂനിറ്റുകള്‍
11. ക്ഷീര-കാര്‍ഷിക മേഖലയില്‍ യുവ ക്ലസ്റ്ററുകള്‍ക്ക് ആധുനിക ഡയറി ഫാം
12. പട്ടികവര്‍ഗ മേഖലയില്‍ ഹെര്‍ബല്‍ പാര്‍ക്ക്
13. എസ്‌സി-എസ്ടി കേന്ദ്രങ്ങളില്‍ വിജ്ഞാന്‍ കേന്ദ്രങ്ങള്‍
14. ഭിന്ന ശേഷിക്കാര്‍ക്കായി തൊഴില്‍ പരിശീലനം
15. സ്ത്രീകള്‍ക്കായി ഷോര്‍ട്ട് സ്റ്റേ ഹോം, ഷി ടോയ്‌ലറ്റ്
16. ജില്ലാ ആശുപത്രിയില്‍ സ്‌നേക്ക് ബൈറ്റ് യൂനിറ്റ്
17. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ ദുരിതാശ്വാസനിധി
18. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ പെണ്‍സൗഹൃദമാക്കും
19. ഗ്രാമീണ മേഖലയില്‍ സമഗ്ര കായിക ആരോഗ്യ പദ്ധതി
Next Story

RELATED STORIES

Share it