wayanad local

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഇന്നു സ്ഥാനമൊഴിയും

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിന് ഇനി പുതിയ സാരഥികള്‍. യുഡിഎഫ് ധാരണ പ്രകാരം പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ ടി ഉഷാകുമാരിയും വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ പി കെ അസ്മത്തും ഇന്നു സ്ഥാനമൊഴിയും. എന്നും വിവാദങ്ങളില്‍പ്പെട്ടിരുന്ന ജില്ലാ ആശുപത്രിയെ മികച്ച ചികില്‍സാ കേന്ദ്രമാക്കി മാറ്റിയും ജില്ലാ പഞ്ചായത്ത് ഓഫിസിനെ ഡിജിറ്റലൈസ് ചെയ്ത് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്റെ അന്തിമ ഘട്ടത്തിലെത്തിച്ചുമാണ് തങ്ങള്‍ സ്ഥാനമൊഴിയുന്നതെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.     ജില്ലാ ആശുപത്രിയില്‍ നടപ്പന്തല്‍, മെറ്റേണിറ്റി വാര്‍ഡിലെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമകേന്ദ്രം, ഒപി കംപ്യൂട്ടറൈസേഷന്‍, റാംപ് നിര്‍മാണം, മാമോഗ്രാം യൂനിറ്റ്, കോസ്മറ്റോളജി വിഭാഗം, ജെറിയാട്രിക് വാര്‍ഡ് സജ്ജീകരണം, മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം എന്നിങ്ങനെ അഞ്ചുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഇതര മേഖലകളില്‍ സംസ്ഥാനത്ത് തന്നെ മാതൃകാപരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയും അനവധി പദ്ധതികള്‍ക്ക് തുടക്കമിട്ടുമാണ് പടിയിറങ്ങുന്നതെന്നു ടി ഉഷാകുമാരിയും പി കെ അസ്മത്തും പറഞ്ഞു. ആദ്യമായി പൗരാവാകാശ രേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു, ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഐഎസ്ഒ നടപടികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
ഓഫിസിലും ഘടക സ്ഥാപനങ്ങളിലും പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് അംഗീകാരം നേടി. ഓഫിസ് കംപ്യൂട്ടര്‍വല്‍ക്കരണം, സകര്‍മ, സൂചിക എന്നിവ നടപ്പിലാക്കി. ക്ഷീരകര്‍ഷകര്‍ക്ക് അധിക വേതനം, പുഴയോര വൈദ്യുതീകരണം, ചെക്ഡാമുകളുടെ നവീകരണം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി, എബിസി പദ്ധതി വിജയകരമായി നടപ്പിലാക്കി. ജില്ലയിലെ എല്ലാ ഗവ. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചു, വെള്ളമുണ്ട, പുളിഞ്ഞാല്‍, തേറ്റമല സ്‌കൂളുകളില്‍ ഗ്രൗണ്ട് നിര്‍മാണം, വിവിധ സ്‌കൂളുകളില്‍ കെട്ടിട നിര്‍മാണം, ടോയ്‌ലറ്റ് സമുച്ചയങ്ങള്‍, കഞ്ഞിപ്പുരകള്‍, മിഷന്‍ പ്ലസ്‌വണ്‍, എന്‍ട്രന്‍സ് കോച്ചിങ്, എല്ലാ ആര്‍എംഎസ്എ സ്‌കൂളുകള്‍ക്കും കംപ്യൂട്ടര്‍, പെണ്‍കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കായികമേളയ്ക്കാവശ്യമായ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കളരി പരിശീലനം, ഫുട്‌ബോള്‍ പരിശീലനം, മാനന്തവാടിയില്‍ കായിക പരിശീലന കേന്ദ്രം, കേണിച്ചിറ, പനമരം എന്നിവിടങ്ങളില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, സാമൂഹിക സുരക്ഷിതത്വ മേഖയലയില്‍ പുനര്‍ജനി, അതിജീവനം പദ്ധതികള്‍, 86 പേര്‍ക്ക് സുരക്ഷ മുച്ചക്ര വാഹനം, കോക്ലിയര്‍ ഇംപ്ലാന്റ്, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയവ ഭരണനേട്ടങ്ങളാണെന്നും ഇരുവരും പറഞ്ഞു.
Next Story

RELATED STORIES

Share it