thrissur local

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറും മാറും



തൃശൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറും ഈ മാസം 19ന് മുമ്പ് മാറും. ഇടതു മുന്നണിയിലെ ധാരണപ്രകാരമാണ് മാറ്റം. മേരി തോമസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായേക്കും. 2015 നവംബര്‍ 18നായിരുന്നു തൃശൂര്‍ കോര്‍പറേഷനില്‍ മേയറും ഡെപ്യൂട്ടി മേയറും അധികാരത്തില്‍ വന്നത്. ‘നവംബര്‍ 19ന് ജില്ലാ പഞ്ചായത്ത് ഭരണസമിതിയേയും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ട് വര്‍ഷം സിപിഐയ്ക്കും പിന്നീട് 3 വര്‍ഷം സിപിഎമ്മിനെന്നുമാണ് ധാരണ. വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്ന് വര്‍ഷം സിപിഎമ്മിനും പിന്നീടുള്ള 2 വര്‍ഷം സിപിഐയ്ക്കും എന്നും ധാരണയായിരുന്നു. സിപിഎമ്മിലെ കെ പി രാധാകൃഷ്ണനാണ് നിലവില്‍ വൈസ് പ്രസിഡന്റ് അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ ഈ മാസം 19ന് മുമ്പ് രാജിവയ്ക്കും. സിപിഎം. അംഗവും വാഴാനി ഡിവിഷന്‍ പ്രതിനിധിയുമായ മേരി തോമസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകാനാണ് സാധ്യത. തൃശൂര്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനം ആദ്യ നാല് വര്‍ഷം സിപിഎമ്മിനും അവസാന ഒരു വര്‍ഷം സിപിഐയ്ക്കും എന്നാണ് ധാരണ. മേയറുടെ മാറ്റത്തിന് ഇനിയും രണ്ട് വര്‍ഷമുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം മൂന്നാം വര്‍ഷത്തില്‍ സിപിഐയ്ക്ക് എന്ന ധാരണ പ്രകാരം തൃശൂര്‍ കോര്‍പറേഷനിലെ നിലവിലെ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ഈ മാസം 18ന് മുമ്പ് ഒഴിഞ്ഞേക്കും. സിപിഐ കൗണ്‍സിലര്‍മാരായ അജിത, ബീന മുരളി, ശാന്ത അപ്പു എന്നിവരിലൊരാള്‍ ഡെപ്യൂട്ടി മേയറായേക്കും. സ്വതന്ത്ര കൗണ്‍സിലര്‍മാരില്‍ ഒരാള്‍ ഡെപ്യൂട്ടി മേയറാകുമെന്നുള്ള പ്രചാരണം തെറ്റാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വല്‍സരാജ് പറഞ്ഞു. വരും ദിവസങ്ങളില്‍ സിപിഎം സിപിഐ ജില്ലാ നേതൃത്വത്തിലുള്ളവരുടെ കൂടിയാലോചനയ്ക്ക് ശേഷം പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനേയും കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറേയും തീരുമാനിക്കുമെന്നും കെ കെ വത്സരാജ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it