thiruvananthapuram local

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി കെ മധു ചുമതലയേറ്റു

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ വി കെ മധു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അഡ്വ. ഷൈലജാ ബീഗമാണ് വൈസ് പ്രസിഡന്റ്. പാലോട് ഡിവിഷനില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച വി കെ മധു 19 വോട്ടുകള്‍ നേടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് ഷൈലജാബീഗം ചിറയിന്‍കീഴ് ഡിവിഷനില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 19 വോട്ടുകളാണ് ഷൈലജാബീഗം നേടിയത്. ചെമ്മരുതിയില്‍നിന്നുള്ള അംഗം വി രഞ്ജിത് ആണ് വി കെ മധുവിന്റെ പേര് നിര്‍ദേശിച്ചത്. വെഞ്ഞാറമൂട് ഡിവിഷന്‍ അംഗം വൈ വി ശോഭകുമാര്‍ പിന്താങ്ങി. നാവായിക്കുളം ഡിവിഷന്‍ അംഗം ബി പി മുരളിയാണ് വൈസ് പ്രസിഡന്റ് ഷൈലജ ബീഗത്തിന്റെ പേര് നിര്‍ദേശിച്ചത്. കിളിമാനൂര്‍ ഡിവിഷനില്‍നിന്നുള്ള ഡി സ്മിതയാണ് പിന്താങ്ങിയത്. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മര്യാപുരം ഡിവിഷനില്‍ നിന്നുള്ള ജോസ് ലാലിനും വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി ശോഭനാകുമാരിക്കും ആറു വോട്ടുകള്‍ വീതമാണ് നേടാനായത്. പള്ളിച്ചല്‍ ഡിവിഷനില്‍ നിന്നുള്ള എസ് ശോഭനാകുമാരിയാണ് കോണ്‍ഗ്രസില്‍നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഒരംഗമുള്ള ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഓപ്പണ്‍ ബാലറ്റ് മുഖേനെയായിരുന്നു തിരഞ്ഞെടുപ്പ്. രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച വി കെ മധുവിന് വരണാധികാരിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഷൈലജക്ക് പ്രസിഡന്റ് വി കെ മധുവും സത്യവാചകം ചൊല്ലിക്കൊടുത്തു. വികസനകാര്യത്തി ല്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഉണ്ടാകാത്ത വിധം സുതാര്യമായ ഭരണം കാഴ്ചവെക്കുമെന്ന് സത്യപ്രതിജ്ഞക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ വി കെ മധു പറഞ്ഞു. ജില്ലാ പഞ്ചായത്തിന് ജനീക മുഖഛായ നല്‍കുകയാണ് ലക്ഷ്യം.
ജനകീയാസൂത്രണത്തിന്റെ മാതൃകയില്‍ ജനപങ്കാളിത്തത്തോടെയാകും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക. ബിനാമി കമ്മിറ്റികളും ബിനാമി പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആനാട് ജയന്‍, വി. രഞ്ജിത്, അന്‍സജിതാ റസല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലയിലെ ഗ്രമീണ മേഖലകളുടെ സമഗ്ര വികസനമാണ് തന്റെ അജന്‍ഡയെന്ന് വ്യക്തമാക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി കെ മധു. മികച്ച സംഘാടകന്‍, വാഗ്മി, നാടകകൃത്ത്, തൊഴിലാളി നേതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് വി കെ മധു. 1995-2000 ല്‍ ആദ്യ ജില്ലാ പഞ്ചായത്തില്‍ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പിന്നീട് വൈസ് പ്രസിഡന്റുമായിരുന്നു. ഈ കാലഘട്ടത്തില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കുന്നതിനായി ആവിഷ്‌കരിച്ച വിദ്യാജ്യോതി പദ്ധതി വിജയകരമായി നടപ്പാക്കിയത് വി കെ മധുവിന്റെ നേതൃത്വത്തിലായിരുന്നു. ജില്ലയില്‍ വീടില്ലാത്തവര്‍ക്ക് വീടു നല്‍കാനായി തുടങ്ങിയ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയായ തണല്‍ ആവിഷ്‌ക്കരിച്ചതിലും മധുവിന്റെ പങ്ക് നിര്‍ണായകമായിരുന്നു. കരിമണ്‍കോട് യുപിഎസിലെ അധ്യാപിക ജി എല്‍ ഷീലയാണ് ഭാര്യ. മക്കള്‍: അഭിവാദും അഭിനന്ദും വിദ്യാര്‍ഥികളാണ്. വൈസ് പ്രസിഡന്റ് ഷൈലജാ ബിഗം ചിറയിന്‍കീഴ് ഡിവിഷനില്‍ നിന്നുള്ള അംഗമാണ്. സിപിഎം ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി അംഗവും ലോയേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ്. നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഇത് രണ്ടാംതവണയാണ് ജില്ലാപഞ്ചായത്ത് അംഗമാകുന്നത്. ആദ്യം കിഴുവിലം ഡിവിഷനെ ആണ് പ്രതിനിധീകരിച്ചത്. ബിസിനസുകാരനായ ഷാജഹാനാണ് ഭര്‍ത്താവ്. എംബിബിഎസ് വിദ്യാര്‍ഥിയായ ജുഹുനുസുഹാന, പ്ലസ് ടു വിദ്യാര്‍ഥിയായ ആഷി ഹുസൈന്‍ മക്കളാണ്.
Next Story

RELATED STORIES

Share it