Kollam Local

ജില്ലാ പഞ്ചായത്തിന് രാജീവ് ഗാന്ധി ശശാക്തീകരണ്‍ പുരസ്‌കാരം

കൊല്ലം: മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ രാജീവ് ഗാന്ധി ശശാക്തീകരണ്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായി രണ്ടാം തവണയും കൊല്ലം ജില്ലാ പഞ്ചായത്ത് അര്‍ഹമായി. 2014-15 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് വീണ്ടും അവാര്‍ഡിന് അര്‍ഹമായത്. 2013-14 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷവും ജില്ലാ പഞ്ചായത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്തിന് തുടര്‍ച്ചയായി രണ്ടു വര്‍ഷം ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പരിശോധനാ സംഘം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ച് പ്രോജക്ടുകള്‍ വിലയിരുത്തി സ്ഥല പരിശോധന നടത്തിയാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്. സംസ്ഥാനത്ത് നിന്നും അവാര്‍ഡിന് കൊല്ലം ജില്ലാ പഞ്ചായത്തിനെ മാത്രമേ ശുപാര്‍ശ ചെയ്തിരുന്നുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ നടപ്പാക്കിയ വിവിധ പദ്ധതികളാണ് കൊല്ലം ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

ആരോഗ്യ മേഖലയില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സ്വപ്‌നച്ചിറക് പദ്ധതി പരിശോധനാ സംഘത്തിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വിക്‌ടോറിയ ആശുപത്രിയില്‍ നടപ്പാക്കി വരുന്ന പദ്ധതി ആരോഗ്യപൂര്‍ണ്ണമായ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ സഹായിക്കുമെന്ന് സംഘം വിലയിരുത്തി. പ്രതിമാസം അഞ്ഞൂറിലേറെ പ്രസവം നടക്കുന്ന ജില്ലാ വിക്‌ടോറിയാ ആശുപത്രിയില്‍ ജനിച്ചു വീഴുന്ന ഓരോ ശിശുവിനും സമഗ്ര പരിശോധന നടത്തി ജന്മനാലുള്ള വൈകല്യങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തി ചികില്‍സ ലഭ്യമാക്കുന്ന പദ്ധതിയാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സ്വപ്‌നച്ചിറക് പദ്ധതി.
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ആ കുഞ്ഞിന് വേണ്ടി ഒരു പ്രത്യേക ഫയല്‍ ആശുപത്രിയില്‍ ആരംഭിക്കും. ഫയലിലുള്ള ഗ്രാഫില്‍ കുട്ടിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തും. കുട്ടിയുടെ ഭാരം, ഹൃദയത്തിന്റെ പ്രവര്‍ത്തനം, തലച്ചോറിന്റെ പ്രതികരണം, കേള്‍വിപ്രശ്‌നങ്ങള്‍ എന്നിവ ഫയലില്‍ പ്രത്യേകമായി രേഖപ്പെടുത്തും.
സാധാരണ നിലയില്‍ നിന്നുള്ള ഏറ്റക്കുറച്ചിലുകള്‍ ഗ്രാഫില്‍ മാര്‍ക്ക് ചെയ്യുന്നതിനാല്‍ ഏത് ഡോക്ടര്‍ക്കും ഏത് അവസ്ഥയിലും കുട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള പൂര്‍ണ്ണ വിവരം ലഭിക്കും. ഇത്തരം കാര്യങ്ങള്‍ കുട്ടി ജനിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഫയലില്‍ രേഖപ്പെടുത്തുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
കൂടാതെ പ്രതിരോധ മരുന്ന് നല്‍കേണ്ടതിന്റേയും, പ്രതിരോധ കുത്തിവയ്പുകളുടേയും വിശദവിവരങ്ങളും, തീയതിയും സമയവും ഫയലില്‍ രേഖപ്പെടുത്തും. ഈ തീയതികളില്‍ കുത്തിവയ്പ് എടുക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കളെ മൊബൈല്‍ ഫോണിലൂടെ അറിയിക്കും. ജില്ലാ ആശുപത്രിയില്‍ സൗജന്യമായി ഇവ നല്‍കും.
കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ സമഗ്ര നെല്‍കൃഷി വികസനം ജില്ലയ്ക്ക് അരി ലഭ്യത ഉറപ്പാക്കിയ പദ്ധതിയാണ്. ജില്ലയിലെ 62 ഗ്രാമപഞ്ചായത്തുകളെയും ഏകോപിപ്പിച്ച് നെല്‍കൃഷി വ്യാപകമാക്കുന്ന തിന് ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. സേവനമേഖലയില്‍ ജില്ലാ പഞ്ചായത്ത് ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കിയ 206 മുച്ചക്ര വാഹനങ്ങള്‍ അവാര്‍ഡ് സമിതിയുടെ ശ്രദ്ധ പിടിച്ചു പറ്റി. അരയ്ക്ക് താഴെ തളര്‍ന്ന് വീടുകളില്‍ തളയ്ക്കപ്പെട്ട 206 പേര്‍ക്ക് വീടിന് വെളിയിലുള്ള മറ്റൊരു ലോകത്തേക്ക് കടന്നെത്തുന്നതിനും അതിനുപരിയായി ലോട്ടറി ടിക്കറ്റ് വില്പന ഉള്‍പ്പെടെയുള്ള ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ സ്വയംപര്യാപ്തതയിലെത്തുവാനും പദ്ധതി സഹായിച്ചിരുന്നു.
തുടര്‍ച്ചയായി രണ്ടാം തവണയും ജില്ലാ പഞ്ചായത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത് ഭരണ സമിതിയുടേയും ഉദ്യോഗസ്ഥരുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഈ അവാര്‍ഡ് ജില്ലാ പഞ്ചായത്തിന് എല്ലാ വിധ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ ജില്ലയിലെ പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി സമര്‍പ്പിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മടീച്ചറും സെക്രട്ടറി കെ അനില്‍കുമാറും അറിയിച്ചു.
Next Story

RELATED STORIES

Share it