malappuram local

ജില്ലാ പഞ്ചായത്തിന്റെ അഞ്ചു കോടിയുടെ വിദ്യാഭ്യാസ പദ്ധതികള്‍ അവതാളത്തില്‍



മലപ്പുറം: ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച വിദ്യാഭ്യാസ പദ്ധതികളെല്ലാം അവതാളത്തില്‍. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നിശ്ചയിച്ച് ഡിപിസി അംഗീകാരം നേരത്തെ ലഭിച്ച എട്ട് പ്രോജക്ടുകളുടെ നിര്‍വഹണം സാമ്പത്തിക വര്‍ഷത്തില്‍ ഏഴു മാസം പിന്നിട്ടിട്ടും യാതൊരു തുടര്‍ നടപടികളും എടുത്തിട്ടില്ല 2.06 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പിന് ജില്ലയില്‍ നാഥനില്ലാത്തതിനാല്‍ മുടങ്ങി കിടക്കുകയാണ്. ഡെപ്യൂട്ടി ഡയറക്ടറെ യാതൊരു ആവശ്യവുമില്ലാതെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിട്ട് നാലു മാസം കഴിഞ്ഞു. ഇതുവരെ പകരക്കാരന്‍ എത്തിയിട്ടില്ല. സ്ഥലം മാറ്റിയ ഡെപ്യൂട്ടി ഡയറക്ടര്‍ മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നൂതനങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏഴു പദ്ധതികള്‍ സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടര്‍ ഇതുവരെ പരിശോധന നടത്തി അംഗീകരം നല്‍കിയിട്ടില്ല. 2.97 കോടി രൂപയുടെ പദ്ധതികളാണിവ. മാസങ്ങളോളമായി ഈ പ്രൊജക്ടുകള്‍ പരിശോധനക്കായി ഓണ്‍ലൈനില്‍ ഡിപിഐക്ക് അയച്ചുകൊടുത്തിട്ട്. ഒരു ദിവസം രണ്ടുതവണ എന്ന തോതില്‍ കഴിഞ്ഞ നാലു മാസം അദ്ദേഹത്തിന്റെ ഓഫിസില്‍ വിളിച്ച് ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു അനക്കവുമുണ്ടായിട്ടില്ല. ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയ വിജയഭേരി വിദ്യാഭ്യാസ പദ്ധതി നടപ്പാക്കേണ്ടതില്ല എന്ന കുറിപ്പോടെ ഡിപിഐ മടക്കുകയാണ് ചെയ്തത്. ഇതിനെതിരേ കോ-ഓഡിനേഷന്‍ കമ്മിറ്റിക്ക് പരാതി നല്‍കി അനുകൂല തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണ് ജില്ലാ പഞ്ചായത്ത്. വിദ്യാഭ്യാസ വര്‍ഷം അഞ്ചു മാസം പിന്നിട്ടീട്ടും ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ പരിശോധിച്ച് അംഗീകാരം തരാത്ത വിദ്യാഭ്യാസ വകുപ്പ് മേലധികാരികള്‍ മലപ്പുറത്തിന്റെ വിദ്യാഭ്യാസ കുതിപ്പിന്് തടയിടുകയാണെന്ന് ആക്ഷേപമുണ്ട്. ആരോഗ്യ രംഗത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയം ഭരണ മന്ത്രി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്കെതിരേ അപവാദ പ്രചാരണങ്ങള്‍ നടത്തിയതിന് മലപ്പുറം ജില്ല നേരത്തെ സാക്ഷിയായതാണ്. അതിന്റെ തുടര്‍ച്ചായായാണ് വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള പുതിയ ഗൂഢാലോചനകളെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it