ജില്ലാ കലക്ടറുടെ സര്‍വേക്കെതിരേ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ലേക്ക് പാലസ് റിസോര്‍ട്ട് നെല്‍വയല്‍ നികത്തിയെന്ന ആരോപണം പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ നടത്തുന്ന സര്‍വേ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ മാതൃസ്ഥാപനമായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയും എംഡിയുമാണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ലീലാമ്മ ഈശോ എന്നയാളുടെ പേരിലുള്ള ഭൂമിയാണ് ആരോപണവിധേയമായിട്ടുള്ളതെന്നും അതിന് കമ്പനിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. തോമസ് ചാണ്ടി മന്ത്രിയായിരിക്കെ രാഷ്ട്രീയപ്രേരിതമായിട്ടാണ് ആദ്യം ആരോപണമുയരുന്നത്. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഹൈക്കോടതി അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ഹരജിയിലെ നടപടി പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ ജില്ലാ കലക്ടര്‍ നെല്‍വയല്‍ തണ്ണീര്‍ ത്തട സംരക്ഷണ നിയമത്തിലെ 13ാം വകുപ്പ് പ്രകാരം 78-8, 77-9 സര്‍വേ നമ്പറുകളിലെ നികത്തലുകളുമായി ബന്ധപ്പെട്ട് കമ്പനിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഈ ഭൂമി ഉടമയായ ലീലാമ്മ ഈശോയുടെ അനുമതിയോടെ കമ്പനിയും പ്രദേശവാസികളും പാര്‍ക്കിങിനായി ഉപയോഗിക്കുന്നതാണ്.കഴിഞ്ഞ മാസം 15ന് നടന്ന ഹിയറിങില്‍ കലക്ടര്‍ അറിയിച്ചത് റിമോട്ട് സെന്‍സിങ് അതോറിറ്റി തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം നടപടിയെടുക്കുമെന്നാണുള്ളത്. നികത്തലിന്റെ സ്വഭാവം, പരിധി തുടങ്ങി വിവിധ കാര്യങ്ങള്‍ ചോദിച്ച് നിവേദനം നല്‍കിയെങ്കിലും കലക്ടര്‍ അത് പരിശോധിച്ചില്ല. ഇത്തരമൊരു റിപോര്‍ട്ട് സ്വാഭാവികനീതിക്ക് എതിരാണ്. ഇത് ഹരജിക്കാര്‍ക്ക് അപരിഹാര്യമായ നഷ്ടമുണ്ടാക്കും. അതിനാല്‍ ഇടക്കാല ആവശ്യമായി കലക്ടറുടെ നടപടികള്‍ മരവിപ്പിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it