kasaragod local

ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കാസര്‍കോട്്: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ മറ്റിടങ്ങളിലേക്കു മാറണമെന്നും മലയോര മേഖലകളിലൂടെയുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കടല്‍ പ്രക്ഷുബദ്ധമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മല്‍സ്യബന്ധനത്തിലേര്‍പ്പെടുന്നവരും ജാഗരൂകരായിരിക്കണം. വല, വള്ളം, ബോട്ട് മുതലായ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റണം. വിനോദ സഞ്ചാര മേഖലകളില്‍ എത്തുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നേരിട്ടും ഇവര്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതല്‍ ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയ നിര്‍ദേശങ്ങളും അനുസരിക്കണം. അപകടകരമായ രീതിയില്‍ സ്വകാര്യ ഭൂമികളില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് ഉടമസ്ഥര്‍ തന്നെ മുറിച്ച് മാറ്റണം. അല്ലാത്ത പക്ഷം ഈ മരങ്ങള്‍ വീണുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ആ വ്യക്തി തന്നെ ഉത്തരവാദിയായിരിക്കും.
കൊതുക് മുട്ടയിട്ട് പെരുകുവാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും വ്യാജ പ്രചരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ്്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായി.
ഫോണ്‍ നമ്പരുകള്‍- കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം: ലാന്‍ഡ്‌ഫോണ്‍: 04994 257700. മൊബൈല്‍/വാട്‌സ് ആപ്പ്: 94466 01700. ടോള്‍ ഫ്രീ നം. 1077 താലൂക്ക് ഓഫിസ്, കാസര്‍കോട്-04994230021, താലൂക്ക് ഓഫിസ്, മഞ്ചേശ്വരം-04998244044, താലൂക്ക് ഓഫിസ്, ഹൊസ്ദുര്‍ഗ്-04672204042, വെള്ളരിക്കുണ്ട്-04672242320
Next Story

RELATED STORIES

Share it