kozhikode local

ജില്ലാ കലക്ടര്‍ ക്വാറി മാഫിയക്ക് ഒത്താശ ചെയ്യുന്നതായി ആക്ഷന്‍ കമ്മിറ്റി

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ ക്വാറി തുടങ്ങാന്‍ വേണ്ടി ഡെല്‍റ്റ ഗ്രൂപ്പിന് ജില്ലാ കലക്ടര്‍ ഒത്താശ ചെയ്യുകയാണെന്ന് ഖനനവിരുദ്ധ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. വിദഗ്ധ പഠനം നടത്താതെ കലക്ടര്‍ ചെയര്‍മാനായ സമിതി നല്‍കിയ അനുമതി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ നല്‍കിയ കത്തില്‍ രണ്ട് മാസം കഴിഞ്ഞിട്ടും കലക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. കൂടാതെ അസി. കലക്ടര്‍, കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി, കോട്ടൂര്‍ വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി എന്നിവരും ചെങ്ങോടുമലയില്‍ വിദഗ്ധ പഠനം നടത്താതെ ഖനനത്തിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ടിറ്റുണ്ട്. ഇതൊന്നും മുഖവിലക്കെടുക്കാന്‍ ജില്ലാ കലക്ടര്‍ തയ്യാറാവുന്നില്ല.
കൂടാതെ സമരസമിതി പ്രവര്‍ത്തകര്‍ ഇതുവരെ അഞ്ച് നിവേദനങ്ങള്‍ നല്‍കി. 16 കുടുംബശ്രീകള്‍ ആയിരത്തോളം ആളുകളുടെ ഒപ്പു ശേഖരിച്ചും നിവേദനം നല്‍കിയെങ്കിലും കലക്ടര്‍ അനങ്ങാപ്പാറനയം തുടരുകയാണ്. ഖനനാനുമതി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ പരിസ്ഥിതി സമിതിയും റവന്യു, വനം മന്ത്രിമാരും കലക്ടറില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടിറ്റുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഒരു സ്ഥലത്ത് ക്വാറി തുടങ്ങണമെങ്കില്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ,സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തേണ്ടതുണ്ട്. എന്നാല്‍ ചെങ്ങോടുമലയുടെ കാര്യത്തില്‍ ഇത്തരം പഠനങ്ങളൊന്നും നടത്താതെ ജിയോളജിസ്റ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അംഗവും ഒരു പരിസ്ഥിതി പ്രവര്‍ത്തകനും അടങ്ങുന്ന സംഘം അനുമതി നല്‍കുകയാണ് ചെയ്തത്. ഈ സംഘത്തിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിദഗ്ധ പഠനം നടത്താതെ അനുമതി നല്‍കരുതെന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. ഈ ജിയോളജിസ്റ്റ് ആരോപണ വിധേയനാണ് . ഇദ്ദേഹത്തി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട് വിശ്വസനീയമല്ലെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഖനനാനുമതി നല്‍കിയത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങോടുമലയിലെ താഴ്്‌വാരത്തെ 300 -ഓളം ആളുകള്‍ കലക്ട്രേറ്റിനു മുന്നില്‍ സമരം നടത്തുകയുണ്ടായി. എന്നാല്‍ ശക്തമായ ജനകീയ സമരമോ  ഖനനത്തിനെതിരെ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപോര്‍ട്ടുകളോ അംഗീകരിക്കാതെ കലക്ടര്‍ ക്വാറി മാഫിയക്ക് അനുകൂലമായ നിലപാടുമായി മുന്നോട്ടു പോയാല്‍ സമരം വ്യാപിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.ടി കെ രഗിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. എ ദിവാകരന്‍ നായര്‍, എം കെ സതീഷ്, എ കെ ബാലകൃഷ്ണന്‍ നായര്‍, വി എന്‍ രാജേഷ്, കെ ജയരാജന്‍, രാജന്‍ നരയംകുളം, ബിജു കൊളക്കണ്ടി, എ കെ കണാരന്‍, പ്രശാന്ത് നരയംകുളം, ടി പി രവീന്ദ്രന്‍, ടി കെ ചന്ദ്രന്‍, ശ്രീലത ഉത്രാലയം, എരഞ്ഞോളി ബാലന്‍ നായര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it