kozhikode local

ജില്ലാ കലക്ടര്‍ ഇടപെട്ടു : വില്ലേജ് ഓഫിസ് ഉപരോധം മാറ്റിവച്ചു



വടകര: മണിയൂര്‍ പഞ്ചായത്തിലെ പാലയാട് വില്ലേജിലെ പ്രധാന ജലസ്രോതസ്സുകളായ കോതോറ, മണ്ടലംകോട്, പുഴയുടെ ഭാഗമായ ഉപ്പം തോടികൈ എന്നിവിടങ്ങളിലെ ജലാശയങ്ങള്‍ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തിയത് എടുത്തു മാറ്റി ജലാശയങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പാലയാട് മേഖലാ കമ്മറ്റി ഇന്നലെ മുതല്‍ ആരംഭിച്ച അനിശ്ചിതകാല ഉപരോധസമരം ജില്ലാകലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവച്ചു. കാലത്ത് ഏഴു മണിക്ക് ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് ഓഫിസ് പ്രവര്‍ത്തനം തടസ്സപ്പെട്ടു. കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം വടകര തഹസില്‍ദാര്‍ പികെ സതീഷ്—കുമാര്‍ സ്ഥലത്തെത്തി ഡിവൈഎഫ്‌ഐ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ സമരം നിര്‍ത്തിയത്. മെയ് 30നകം നികത്തിയ ജലാശയങ്ങള്‍ പുനസ്ഥാപിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് തല്‍ക്കാലം സമരം നിര്‍ത്തിവെച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണ്ണിട്ട് നികത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു തഹസില്‍ദാര്‍ ജില്ലാകലക്ടറുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി കൈയേറ്റവുമായി ബന്ധപ്പെട്ട് നിരന്തരം പ്രക്ഷോഭം നടത്തിയെങ്കിലും ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടാണ് വില്ലേജ് ഓഫിസര്‍ സ്വീകരിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത വില്ലേജ് ഓഫിസര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. വന്‍ പോലിസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഉപരോധ സമരം ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് കെപി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഇ മോഹന്‍ദാസ്, ടിസി രമേശന്‍, പിടി സനല്‍ സംസാരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വില്ലേജ് സെക്രട്ടറി ടിയു ശ്രീപ്രസാദ്, പ്രസിഡന്റ് ടിപി ബിജേഷ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it