palakkad local

ജില്ലാ ആശുപത്രി; സ്ത്രീകളുടെ വാര്‍ഡ് പരിസരം സാമൂഹികവിരുദ്ധരുടെ സ്ഥിരം താവളം

പാലക്കാട്: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് ഗവ. ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടേയും വാര്‍ഡ് പരിസരം ഇപ്പോഴും രാപ്പകല്‍ വ്യത്യാസമില്ലാതെ അനാശാസ്യപ്രവര്‍ത്തനങ്ങളുടേയും പിടിച്ചുപറിക്കാരുടേയും കേന്ദ്രമായി തുടരുന്നു. കോമ്പൗണ്ടിലുള്ള കാലപ്പഴക്കത്താലും ഉദ്യോഗസ്ഥരുടെ അനാസ്ഥയാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
ജില്ലാ ആശുപത്രിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടേയും രോഗികളെന്ന വ്യാജേനയെത്തുന്ന ചിലരുടേയും സഹകരണത്തോടെയാണ് സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡ് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡിന് മുമ്പില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവ പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്.
മാത്രമല്ല ആശുപത്രിയിലെത്തുന്ന നിര്‍ധനരായ രോഗികളുടെ ബന്ധുക്കളെ സ്വാധീനിച്ച് പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭനങ്ങളില്‍ വീഴ്ത്താനും വന്‍ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രി പരിസരത്തെ ചില വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നതായും പറയുന്നു.
എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാം കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് പോലിസില്‍ നിന്നുണ്ടാകുന്നത്. ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിടങ്ങളും റോഡുകളും കേന്ദ്രീകരിച്ചാണ് രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധ സംഘങ്ങള്‍ വിലസുന്നത്. നിരവധി തവണ മാധ്യമങ്ങള്‍ ഇക്കാര്യം സംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടും ആവശ്യത്തിന് ജീവനക്കാരില്ലെന്ന മുടന്തന്‍ ന്യായം ആശുപത്രി അധികൃതര്‍ പിന്തുടരുമ്പോള്‍ പോലിസുകാരിലെ ഒരു വിഭാഗവും ഇവര്‍ക്ക് ഒത്താശ നല്‍കുന്നതായും ആരോപണമുണ്ട്. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളുടെ ബന്ധുക്കളില്‍ നിന്നും പണവും സ്വര്‍ണവും തട്ടിപ്പറിക്കുന്ന പ്രത്യേക സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡിന് സമീപവും പരിസര പ്രദേശങ്ങളിലും പോലിസിന്റെ രാത്രികാല പെട്രോളിംഗ് വേണമെന്നാണ് ജനകീയാവശ്യം. ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ള റോഡുകളിലെ രാത്രികാലങ്ങളിലെ അനധികൃത പാര്‍ക്കിംഗുകള്‍ നിയന്ത്രിക്കണമെന്നും റോഡുകളില്‍ തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നുമാണ് ആവശ്യം.
അതേസമയം ജില്ലാ ആശുപത്രി പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. ആശുപത്രിയ്ക്ക് നാലുപാടുമുള്ള പ്രധാന റോഡുകളിലെ മലിനജലം ഒഴുകാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. കാലങ്ങളായി ശുചീകരണം നടത്താത്തതിനാല്‍ ആശുപത്രിയ്ക്ക് ചുറ്റുമുള്ള റോഡുകള്‍ മണ്ണും മാലിന്യങ്ങളുമടിഞ്ഞുകൂടി വെള്ളമൊഴുകാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.
ജില്ലാ ആശുപത്രിയുടെ പിറകിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയ്ക്ക് സമീപത്തെ അഴുക്കുചാലുകളാണ് ഏറ്റവും വൃത്തിഹീനമായിട്ടുള്ളത്.
ഇവിടം രാപ്പകല്‍ വ്യത്യാസമില്ലാതെ രോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടേ വാസസ്ഥലമായിരിക്കയാണ്. ഈ വൃത്തി ഹീനമായ സാഹചര്യത്തിലാണ് മേഖലയില്‍ 10 ഓളം ടീ ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വൃത്തിഹീനമായ സാഹചര്യം ശുചിയാക്കാന്‍ പാലക്കാട് നഗരസഭയും പ്രദേശത്തെ തട്ടിപ്പുകളും അനാശാസ്യപ്രവര്‍ത്തനങ്ങളും തടയാന്‍ ജില്ലാ ഭരണകൂടവും ശാശ്വതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനകീയാവശ്യം.
Next Story

RELATED STORIES

Share it