kozhikode local

ജില്ലാ ആശുപത്രി വികസനം: 13 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു

വടകര: ഗവ. ജില്ലാ ആശുപത്രിയുടെ വികസനത്തിനായി 13 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഇതോടെ, അഞ്ചുകോടി രൂപ ചെലവഴിച്ച് ആശുപത്രിയില്‍ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടനിര്‍മാണത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിന്റെ വേഗം കൂടുമെന്നുറപ്പായി. പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നിലവില്‍ പലഭാഗങ്ങളിലായി കിടക്കുന്ന ആശുപത്രിയിലെ യൂനിറ്റുകളെല്ലാം ഒരു കുടക്കീഴിലാവും. ഇത്, ആശുപത്രിയുടെ പൊതുവായ വികസനത്തിന് വഴിതെളിക്കും.
ഫണ്ട് അനുവദിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് അനുമതികിട്ടിയതെങ്കിലും ഉത്തരവ് കഴിഞ്ഞദിവസമാണ് ജില്ലാ ആശുപത്രിയില്‍ ലഭിച്ചത്. 10 നില കെട്ടിടം വരെ നിര്‍മിക്കാന്‍ പാകത്തിലാണ് അടിത്തറയൊരുക്കിയത്. ഇപ്പോള്‍ അനുവദിച്ച തുകകൊണ്ട് ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പ് നടക്കുന്നതിനാലുള്ള സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുന്ന മുറക്കാണ് മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവൂ. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ കെട്ടിട സൗകര്യത്തിന്റെ കാര്യത്തില്‍ ജില്ലാ ആശുപത്രി സ്വയം പര്യാപ്തമാകും. ഇതിനുപുറമെ, ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള മോര്‍ച്ചറിയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണിപ്പോള്‍.
നേരത്തെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് രാത്രികാലങ്ങളില്‍ വിശ്രമസൗകര്യം ഉണ്ടായിരുന്നു. അടുത്തകാലത്തായി ഈ സൗകര്യമില്ല. പുതിയ കെട്ടിടം യാഥാര്‍ഥ്യമാവുന്ന മുറക്ക് വിശ്രമകേന്ദ്രം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പേരില്‍ ജില്ലാ ആശുപത്രിയായെങ്കിലും സേവനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റേതിന് തുല്യമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നിലവിലുള്ള സ്റ്റാഫ് പാറ്റേണില്‍ വിവിധ വിഭാഗങ്ങളിലായി എട്ടു ഡോക്ടര്‍മാരെ അനുവദിച്ചിട്ടേയില്ല. 15 തസ്തികകളുണ്ടെങ്കിലും പലരും അവധിയിലാണ്.
അത്യാഹിതവിഭാഗത്തിലും ജനറല്‍ ഒപിയിലും അഞ്ചു തസ്തികകളുണ്ടെങ്കിലും മൂന്നുപേരെയുള്ളൂ. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തുകൊണ്ട് പലപ്പോഴും രോഗികളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കം പതിവാണ്.
രാവിലെ എട്ടിനാണ് ഒപി തുടങ്ങുന്നതെങ്കിലും ചില ഡോക്ടര്‍മാര്‍ വൈകിയാണത്തെുന്നതെന്ന ആക്ഷേപവും ശക്തമാണ്. മൂന്നുപേരെങ്കിലും വേണ്ട ശിശുരോഗം, നെഞ്ചുരോഗം, മനോരോഗം, പര്‍ണോളജി തുടങ്ങിയ വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ജില്ലാ ആശുപത്രിയായി ഉയര്‍ത്തുമ്പോള്‍ 70ഓളം ഡോക്ടര്‍മാര്‍ വേണ്ടതാണ്. ഇതിന്റെ പകുതിയോളം ഡോക്ടര്‍മാരെ വച്ചാണിപ്പോള്‍ ആശുപത്രി മുന്നോട്ടുപോകുന്നത്.
സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ജീവനക്കാര്‍, ശുചീകരണ ജോലിക്കാര്‍ എന്നിവരെയെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രീതിയനുസരിച്ചാണിപ്പോഴും നിയമിച്ചിരിക്കുന്നത്. വികസനം അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തില്‍ മാത്രമാവുമ്പോള്‍ സാധാരണക്കാരന് ഗുണം ലഭിക്കില്ലെന്ന വിമര്‍ശനമാണ് ആശുപത്രി നേരിടുന്നത്.
Next Story

RELATED STORIES

Share it