Idukki local

ജില്ലാ ആശുപത്രി കോംപൗണ്ടില്‍ മാലിന്യം തള്ളുന്നു

തൊടുപുഴ: ജില്ലാ ആശുപത്രിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കിണറിനു സമീപം സ്വകാര്യ ലോഡ്ജില്‍നിന്നു മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. ജില്ലാ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്കു ടൈഫോയ്ഡ് പിടിപെട്ടതിന്റെ ഭീതി ഇതുവരെ അകന്നിട്ടില്ല. ഇതിനിടെയാണ് ആശുപത്രി കോംപൗണ്ടിലേക്കു തന്നെ മാലിന്യവും വലിച്ചെറിയുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലോഡ്ജിനു പിന്നില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതുമൂലം ദുര്‍ഗന്ധവുമുണ്ട്.
ലോഡ്ജിനു പിന്നില്‍ ശുചിമുറിയില്‍നിന്നുള്ള പൈപ്പ് പൊട്ടി മാലിന്യം ഓടയിലൂടെ ആശുപത്രിയുടെ കിണറിനു സമീപത്തേക്ക് ഒഴുകിയെത്തുന്നുണ്ടത്രെ. . ജില്ലാ ആശുപത്രിയിലേക്കു വെള്ളം പമ്പ് ചെയ്യുന്ന കിണറിന്റെ ചുറ്റുമതിലിന് ഇടയിലൂടെ മഴക്കാലത്ത് അഴുക്കുവെള്ളം എത്തുന്നെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കിണര്‍ വൃത്തിയാക്കിയിരുന്നു.
എന്നാല്‍ ചുറ്റുമതിലിന്റെ വിടവിലൂടെ അഴുക്കു വെള്ളം വീണ്ടും കിണറ്റിലേക്കു പതിക്കുന്നുണ്ട്. പൊതുമരാമത്ത് അധികൃതരാണു കിണറിന്റെ ചുറ്റുമതില്‍ കെട്ടാന്‍ തീരുമാനിച്ചത്. മങ്ങാട്ടുകവലയ്ക്ക് സമീപം മെയിന്‍ റോഡരികിലുള്ള കിണറ്റിലേക്ക് മാലിന്യങ്ങള്‍ കലരുന്നതാണ് ആശുപത്രി ജീവനക്കാര്‍ക്കു രോഗം ഉണ്ടാകാന്‍ കാരണമെന്നാണ് പരാതി.
Next Story

RELATED STORIES

Share it