wayanad local

ജില്ലാ ആശുപത്രി: കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടിയില്ല

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 500 ആക്കി ഉയര്‍ത്തുമെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവ് 11 വര്‍ഷം പിന്നിട്ടിട്ടും നടപ്പായില്ല. മെഡിക്കല്‍ കോളജിനു വേണ്ടി മുറവിളികൂട്ടുന്ന ഇരു മുന്നണികളും മാറിമാറി ഭരിച്ചിട്ടും ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരളവ് വരെ പരിഹാരമാവുമായിരുന്ന സര്‍ക്കാര്‍ ഉത്തരവാണ് ചുവപ്പുനാടയില്‍ കുരുങ്ങിയിരിക്കുന്നത്. 2005 നവംബര്‍ നാലിനായിരുന്നു കെ കെ രാമചന്ദ്രന്‍ ആരോഗ്യമന്ത്രിയായിരിക്കെ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ ജില്ലാ ആശുപത്രിയെക്കുറിച്ചുള്ള റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി വിശ്വാസ് മേത്ത 3156/2005 നമ്പര്‍ പ്രകാരം ജില്ലാ ആശുപത്രിയില്‍ 500 കിടക്കകളനുവദിച്ച് ഉത്തരവിറക്കിയത്. നിത്യേന 475 മുതല്‍ 500 വരെ രോഗികള്‍ കിടത്തിച്ചികില്‍സയ്‌ക്കെത്തുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു 274 കിടക്കകളുള്ള ജില്ലാ ആശുപത്രിയുടെ ഐപി വിഭാഗം 500 ആക്കി ഉയര്‍ത്തിയത്. കിടക്കകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണവും ഇരട്ടിയായി ഉയര്‍ത്താനും അവസരമുയര്‍ന്നിരുന്നു.
എന്നാല്‍, ഇതിനു ശേഷം അധികാരത്തില്‍ വന്ന ഇരു മുന്നണികളും ഈ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായില്ല. ഇതാണ് ഇപ്പോഴും ജില്ലാ ആശുപത്രിയിലെ പ്രധാന പ്രശ്‌നം. നിലവില്‍ ഒരു കട്ടിലില്‍ രണ്ടും മൂന്നും രോഗികള്‍ കിടക്കുന്നുണ്ട്. ഇതിനു പുറമെ തറയിലും രണ്ടും മൂന്നും പേര്‍ കിടക്കുന്നു. വരാന്തയില്‍ കിടന്നും ചികില്‍സ തേടുന്നവരുണ്ട്. ഈ 10 വര്‍ഷത്തിനിടെ നിരവധി കെട്ടിടങ്ങളും ജില്ലാ ആശുപത്രിയില്‍ പണിപൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ മെഡിക്കല്‍ കോളജിനായി ഇനിയും കാത്തിരിക്കേണ്ട സാഹചര്യത്തില്‍ നിയമസഭാ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് കെട്ടി ഉയര്‍ത്തിയ കെട്ടിടങ്ങള്‍ ആദിവാസികളുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഉപകാരപ്രദമാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it