wayanad local

 ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ: പരിഹാരം തേടി ജനകീയ കൂട്ടായ്മ

മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരം തേടി ജനകീയ കൂട്ടായ്മ രൂപം കൊള്ളുന്നു. 'സേവ് ജില്ലാ ആശുപത്രി' എന്ന പേരില്‍ രൂപം കൊള്ളുന്ന ജനകീയകൂട്ടായ്മയുടെ അവകാശ പ്രഖ്യാപന കണ്‍വന്‍ഷന്‍ ഈ മാസം 15ന് വൈകുന്നേരം മൂന്നിന് മാനന്തവാടി വ്യാപാര ഭവനില്‍ നടക്കും.
500 കിടക്കകളുള്ള ആശുപത്രിയാക്കി ജില്ലാ ആശുപത്രിയെ ഉയര്‍ത്താനും ഇതിനാനുപാതികമായി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരുടെ തസ്തികകള്‍ സൃഷ്ടിക്കാനും പത്തുവര്‍ഷം മുമ്പേ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും യാതൊരു നടപടികളും ഉണ്ടാ യിട്ടില്ല. ഇതിനെ തുടര്‍ന്നാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയകൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.
നിത്യേന 475 മുതല്‍ 500 വരെ രോഗികള്‍ കിടത്തിചികില്‍സക്കായി എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2005ല്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ആശുപത്രിയുടെ പരിധി 500 കട്ടിലുകളായി ഉയര്‍ത്താന്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇപ്പോള്‍ നിത്യേന ആയിരത്തോളം രോഗികളാണ് ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. എന്നിട്ടും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയോ ഡോക്ടര്‍മാരുടെ തസ്തികകളില്‍ മുഴുവനായും നിയമനം നടക്കുകയോ ഉണ്ടായില്ല.
ജില്ലാആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്ന ആദിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാരാണ് ദുരിതം പേറുന്നത്. ഭരണം മാറുമ്പോള്‍ ആശുപത്രിയിലെ അസൗകര്യങ്ങള്‍ കാരണം വരുന്ന വീഴ്ചകള്‍ക്കെതിരെ അക്രമാസക്തമായ നിലയില്‍ പോലും പ്രതികരിക്കാന്‍ യുവജനസംഘടനകള്‍ രംഗത്തെത്താറുണ്ട്. എന്നാല്‍ അടിസ്ഥാന വിഷയം കണ്ടെത്തി പരിഹാരമുണ്ടാക്കാന്‍ ഭരണത്തിലിരിക്കുന്നവര്‍ക്ക് താല്‍പര്യമില്ല.
ഈ സാഹചര്യത്തിലാണ് മാനന്തവാടിയിലെ ചില ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ രൂപംകൊണ്ട ആശയമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി സേവ് ജില്ലാ ആശുപത്രി എന്നപേരില്‍ ജനകീയകൂട്ടായ്മ രൂപംകൊണ്ടത്.
ശക്തമായ സമരങ്ങളിലൂടെയാണെങ്കില്‍പോലും ജില്ലാ ആശുപത്രിയെ പ്രതാപത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടെയാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it