wayanad local

ജില്ലാ ആശുപത്രിയില്‍ പോഷകാഹാര വിതരണം പുനരാരംഭിച്ചില്ല

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് വിതരണം ചെയ്തുവന്ന പോഷകാഹാര വിതരണം നിലച്ചിട്ട് മൂന്നു മാസമായിട്ടും ഭരണക്കാര്‍ക്കും പ്രതിപക്ഷത്തിനും അനക്കമില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെ നടത്തിയ സമരത്തെ തുടര്‍ന്ന് സ്ഥലം എംഎല്‍എ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്ന് എത്രയും വേഗം പുനരാരംഭിക്കാനുള്ള നടപടികളെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ല. ആദിവാസികള്‍ അടക്കമുള്ള പാവപ്പെട്ട രോഗികള്‍ ചികില്‍സ തേടുന്ന ജില്ലാ ആശുപത്രിയിലെ പാല്‍ വിതരണവും ബ്രഡ് വിതരണവുമാണ് മൂന്നു മാസങ്ങള്‍ക്കു മുമ്പ് നിലച്ചത്.
ഒരുമാസം മുമ്പ് വിഷയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫിസിന് മുന്നില്‍ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തിരുന്നു. പോഷകാഹാര വിതരണം പുനരാരംഭിക്കും വരെ സമരവുമായി മുന്നോട്ടുപോവുമെന്നു പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പോലിസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ രംഗം വിട്ടു. പിന്നീട് ഈ വിഷയത്തില്‍ ഇടപെടാതെ സന്ദര്‍ശക പാസ് ചാര്‍ജ് വര്‍ധിപ്പിച്ച വിഷയത്തിലാണ് സമരവുമായി കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് എത്തിയത്. ഇവര്‍ സമരം തുടങ്ങിയ ശേഷമാണ് പ്രശ്‌നം സ്ഥലം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടത്. ആരോഗ്യ മന്ത്രിയുമായി നേരിട്ട് വിഷയം ചര്‍ച്ചചെയ്തു പരിഹരിക്കുമെന്നായിരുന്നു ഒ ആര്‍ കേളു അറിയിച്ചത്. എന്നാല്‍, ഇതവരെ യാതൊരു നടപടികളും ഇതു സംബന്ധിച്ചുണ്ടായില്ല. ആശുപത്രി അധികൃതര്‍ കുടിശ്ശിക തുക അനുവദിക്കുന്നതിനായി പലവട്ടം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് കത്തുകള്‍ നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടായിട്ടുമില്ല.
2016 മുതലുളള കുടിശ്ശികയായ 75 ലക്ഷത്തോളം രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് പാല്‍ വിതരണവും ബ്രഡ് വിതരണവും നിലച്ചത്. മുന്‍വര്‍ഷം ഈയിനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച തുകയുടെ നല്ലൊരു പങ്കും ജില്ലയ്ക്ക് ലഭിച്ചിരുന്നെങ്കിലും പണം കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. പാലും ബ്രഡും വിതരണം ചെയ്തിരുന്നത് ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ക്കും ആദിവസാകള്‍ക്കും ഏറെ പ്രയോജനപ്രദമായിരുന്നു. പ്രത്യേകിച്ചും ആദിവാസികളില്‍ കൂട്ടിനിരിക്കുന്നവര്‍ക്ക് താല്‍ക്കാലിക വിശപ്പടക്കാനും ഇതുപകാരപ്പെട്ടിരുന്നു.
ജില്ലയിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ആശുപത്രിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരേ പ്രതികരിക്കാന്‍ പോലും മനസ്സില്ലാത്ത വിധത്തിലാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയ സംഘടനകളുടെയും യുവജനസംഘടനകളുടെയും നിലപാട്.
Next Story

RELATED STORIES

Share it