palakkad local

ജില്ലാ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നടപ്പാക്കുന്നു

പാലക്കാട്: ജില്ലാ ആശുപത്രി ഒപി വിഭാഗം വിപുലമാക്കുന്നതിന് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 92 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ജില്ലാ ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് നടപ്പാക്കാനുള്ള പ്രാരംഭ നടപടികള്‍ ആരോഗ്യവകുപ്പ് നടപ്പാക്കി വരികയാണ്. ഓണ്‍ലൈന്‍ ബുക്കിങ് നടപ്പായാല്‍ രോഗികള്‍ക്ക് നീണ്ട നിരയില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല.
ടോക്കണില്‍ സൂചിപ്പിച്ച സമയത്ത് രോഗികള്‍ ആശുപത്രിയില്‍ എത്തിയാല്‍ മതി. രോഗികള്‍ക്ക് വിവിധ വകുപ്പുകള്‍ കയറിയിറങ്ങാതെ  ലാബ് റിപോര്‍ട്ടുകള്‍ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കാനുള്ള രീതിയും പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിക്കും. ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പെടെ ആര്‍ദ്രം പദ്ധതിപ്രകാരം 39 ഡോക്ടര്‍മാരെ ജില്ലയില്‍ അധികമായി നിയമിച്ചിട്ടുണ്ട്. ഇസിജി, ലാബ് ടെക്—നിഷ്യന്‍മാരെ കൂടുതലായി നിയമിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജീവമായി. ശ്രീകൃഷ്ണപുരം, ഓങ്ങല്ലൂര്‍, കിഴക്കഞ്ചേരി, കുമരംപുത്തൂര്‍, അടയ്ക്കാപുത്തൂ ര്‍, മങ്കര, ഒഴലപ്പതി എന്നി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയത്. രോഗികള്‍ക്കായി ഇരിപ്പിടങ്ങള്‍, ടിവി, ആധുനിക സജ്ജീകരണങ്ങളോടെയുളള ലാബ്, മൂന്ന്-നാല് വീതം ഡോക്ടര്‍മാരുടെയും നഴ്—സുമാരുടേയും  ഫാര്‍മസിസ്റ്റിന്റെയും സേവനം ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുളള കുത്തിവയ്പ് മുറി കാര്‍ട്ടൂണുകളും ചിത്രങ്ങളും കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. മുലയൂട്ടല്‍ മുറികളും ഒരുക്കിയിട്ടുണ്ട്. വിഷാദരോഗികള്‍ക്ക് ആശ്വാസ് ക്ലിനിക്കും ശ്വാസകോശ രോഗികള്‍ക്കായി ശ്വാസ് ക്ലിനിക്കുകളും കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുവരെയാണ് ഒപി സമയം.
ജില്ലയിലെ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. കൊല്ലങ്കോട്, കുമാരനല്ലൂര്‍, വണ്ടാഴി, മാത്തൂര്‍, കല്ലടിക്കോട്, പുതൂര്‍, നൈല്ലായി, പുതുപരിയാരം, പുത്തനൂര്‍, എന്നിവിടങ്ങളിലെ ഒന്‍പത് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഏപ്രില്‍ അവസാനത്തോടെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും. പദ്ധതിയുടെ ഭാഗമായി പരിശീലനം സിദ്ധിച്ച ആരോഗ്യസേനാ പ്രവര്‍ത്തകര്‍ വീടുകള്‍ കേന്ദ്രീകരിച്ച് മഴക്കാല പൂര്‍വ ശുചീകരണം, പകര്‍ച്ചവ്യാധി നിയന്ത്രണ ബോധവല്‍കരണം എന്നിവ നടത്തുന്നുണ്ട്. പദ്ധതിയുടെ അടുത്തഘട്ടത്തില്‍ ജില്ലയിലെ 40ഓളം പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും.
അടിയന്തര ചികില്‍സകള്‍ നല്‍കാന്‍ കഴിയുന്ന രീതിയില്‍ മിനി ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി ജില്ലയിലെ വിവിധ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണവും പദ്ധതിയുടെ  ഭാഗമായി നടപ്പാക്കും. ചിറ്റൂര്‍, ആലത്തൂര്‍, പട്ടാമ്പി, താലൂക്ക് ആശുപത്രികളുടെ നവീകരണവും ഉടന്‍ നടപ്പാക്കും.
Next Story

RELATED STORIES

Share it