kozhikode local

ജില്ലാ ആശുപത്രിയില്‍ ആയുധപൂജ നടത്തിയത് വിവാദമായി

വടകര: മഹാനവമി പ്രമാണിച്ച് വടകര ജില്ലാ ആശുപത്രിയില്‍ ആയുധപൂജ നടത്തിയത് വിവാദമായി. ആശുപത്രിയിലെ ഓപറേഷന്‍ തിയേറ്ററില്‍ അമ്പലത്തിന്റെ മാതൃക നിര്‍മിച്ച് ആയുധങ്ങള്‍ പൂജിച്ചതായി ദൃശ്യമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടത്തിയ പൂജ 8.30നാണ് കഴിഞ്ഞത്. ആശുപത്രിയിലെ ഉപകരണങ്ങളും സ്റ്റെതെസ്‌കോപ്പുള്‍പ്പെടെയുള്ളവയും പൂജക്കു വച്ചു. പൂജയുടെ പ്രസാദം രോഗികളുള്‍പെടെയുള്ളവര്‍ക്ക് നല്‍കി. അതീവ സുരക്ഷയോടെയും അണുവിമുക്തവുമാക്കി സൂക്ഷിക്കേണ്ട ഓപറേഷന്‍ തിയേറ്ററില്‍ പൂജ നടത്തിയതാണ് വിവാദമായത്. അതേസമയം ഓപറേഷന്‍ തിയേറ്ററിനു മുന്നിലെ ചെരുപ്പുകള്‍ അഴിച്ചുവെക്കുന്ന സ്ഥലത്താണ് പൂജ നടത്തിയതെന്നും ഇത് അണുവിമുക്ത മേഖലയല്ലെന്നും കഴിഞ്ഞ 17 വര്‍ഷമായി ആശുപത്രി ജീവനക്കാര്‍ പൂജ നടത്താറുണ്ടെന്നും ആര്‍എംഒ പ്രജീഷ് പറഞ്ഞു. സംഭവത്തില്‍ ഡിഎംഒ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ന് വിശദമായ റിപോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വടകര താലൂക്ക് ആശുപത്രിയില്‍ നേരെത്തെയും ഇത്തരം മതാധിഷ്ടിത പരിപാടികള്‍ അരങ്ങേറിയതായി ആക്ഷേപമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവജന സംഘടനകള്‍ പ്രതിഷേധവുമായി ആശുപത്രി പരിസരത്ത് തടിച്ചുകൂടി.
Next Story

RELATED STORIES

Share it