palakkad local

ജില്ലാ ആശുപത്രിയിലെ ഒപി ബഹിഷ്‌കരണ സമരം പിന്‍വലിച്ചു

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഇന്നലെ നടത്തിയ ഒപി ബഹിഷ്‌കരണ സമരത്തില്‍ രോഗികള്‍ മണിക്കൂറുകളോളം ബുദ്ധിമുട്ടിലായി. ആശുപത്രിയില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിനു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്‌സും ഒപി ബഹിഷ്‌കരിച്ചത്.
എന്നാല്‍ ജീവനക്കാര്‍ ഒപി ബഹിഷ്‌കരിക്കുന്ന വിവരം അറിയാതെ അട്ടപ്പാടിയില്‍ നിന്നു പോലുമെത്തിയ രോഗികളാണ് വലഞ്ഞത്. സമരത്തിന് സൂപ്രണ്ടിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ജീവനക്കാര്‍ അത് പരസ്യപ്പെടുത്തിയിരുന്നില്ല. ഇതാണ് കൂടുതല്‍ ജനം സമരമറിയാതിരിക്കാന്‍ കാരണമായത്.
ജില്ലാ ആശുപത്രിയില്‍ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഒപി തടസ്സപ്പെട്ട വിവരം അറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. സമരം തുടരുന്നത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കുമെന്ന് തിരിച്ചറിഞ്ഞ് ജീവനക്കാര്‍ ബഹിഷ്‌കരണ സമരം പിന്‍വലിക്കുകയായിരുന്നു. അപ്പോഴേക്കും സമയം 12 മണിയായിരുന്നു. സൂപ്രണ്ട് കെ രമാ ദേവിയും ഡിവൈഎസ്പി പി മനോജ് കുമാറും മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പി റീത്തയും ജീവനക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതികള്‍ക്കെതിരേ ഒരാഴ്ച്ചയ്ക്കകം നടപടിയെടുക്കാമെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ 13ന് പുലര്‍ച്ചെയാണ് തേങ്കുറുശ്ശി സ്വദേശി അനന്തന്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്.
പരിചരണത്തിലെ പോരായ്മയാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ നഴ്‌സായ ഹബീനയെ മര്‍ദിച്ചിരുന്നു. പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍, അഞ്ചു ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്.
അതേ സമയം, പ്രതികള്‍ ഒളിവിലായതിനാലാണ് പിടികൂടാന്‍ താമസിക്കുന്നതെന്ന് പോലിസും വിശദീകരിച്ചു. ആശുപത്രി ജീവനക്കാര്‍ ഒപി ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികളെ പറഞ്ഞ സമയത്തിനകം പിടികൂടിയില്ലെങ്കില്‍ സമരം തുടരുമെന്നാണ് ജീവനക്കാരുടെ ഭീഷണി.
Next Story

RELATED STORIES

Share it