kannur local

ജില്ലാ ആശുപത്രികളില്‍ അര്‍ബുദ നിര്‍ണയത്തിന് സൗകര്യമൊരുക്കും



തലശ്ശേരി: ജില്ലാ ആശുപത്രികളില്‍ അര്‍ബുദ രോഗം കണ്ടെത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മലബാര്‍ കാന്‍സര്‍ സെന്ററില്‍ മലബാര്‍ ജനസംഖ്യാ കാന്‍സര്‍ രജിസ്ട്രി റിപോര്‍ട്ട് 2014 പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. അര്‍ബുദത്തിനെതിരേ പൊരുതാന്‍ ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി സഹായകരമാവും. ഇതുവരെ ആശുപത്രികളില്‍ നിന്നാണ് ഇത്തരത്തിലുള്ള കണക്കുകള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ ഇത് സമഗ്രമായിരുന്നില്ല. ഇതിനെ മറികടക്കാനാണ് പ്രാദേശികാടിസ്ഥാനത്തില്‍ വിവരശേഖരണം നടത്താന്‍ തീരുമാനിച്ചത്. വിവിധ ആശുപത്രികള്‍, പത്തോളജി ലബോറട്ടറികള്‍, മറ്റു സ്ഥിതിവിവര കണക്ക് ഓഫിസുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിവരശേഖരം നടത്തിയത്. ഇത്തരത്തിലുള്ള മൂന്നുവര്‍ഷം കൂടുമ്പോഴാണ് റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. അര്‍ബുദ രജിസ്ട്രി ലോകത്തിനു തന്നെ മാതൃകയാണ്. ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രി യാഥാര്‍ഥ്യമാക്കാന്‍ വടക്കന്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് കൈമാറണമെന്നും മന്ത്രി നിര്‍ദേശിച്ചു. ചടങ്ങില്‍ എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, എം സി പവിത്രന്‍, കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷ് ബാലസുബ്രഹ്മണ്യന്‍, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. രേഖ, ഡോ. ബാലകൃഷ്ണന്‍ വള്ളിയോട്ട്, ഡോ. കെ ചന്ദ്രന്‍ നായര്‍, ഡോ. സൈന സുനില്‍കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it