Pathanamthitta local

ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് പേവാര്‍ഡ് നിര്‍മിക്കുന്നു



കോഴഞ്ചേരി: അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രി വികസനപാതയില്‍. അഞ്ച് കോടി രൂപ ചെലവില്‍ പേവാര്‍ഡ് നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കാണ് തുടക്കമാവുന്നു. ഇതിനായി പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിനു ജില്ലാ പഞ്ചായത്ത്ഭരണസമിതി അംഗീകാരം നല്‍കി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ആധുനിക സൗകര്യങ്ങള്‍ അടങ്ങിയ പുതിയ നാലു നില കെട്ടിടം നിര്‍മിക്കുന്നതിനാണ് ആയുഷ് വകുപ്പിന്റെ അനുമതി. ഭാരതീയ ചികില്‍സാവകുപ്പിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ആദ്യഗഡുവായി അനുവദിക്കുകയും ഇത് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന വി എസ്  ശിവകുമാറിന് ഡിവിഷന്‍ അംഗവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി മുന്നൂറില്‍ പരം രോഗികളാണ് ദിനംപ്രതി ഇവിടെ ചികില്‍സ തേടി എത്തുന്നത്. നാല് നിലകളുള്ള ഇപ്പോഴത്തെ കെട്ടിടത്തില്‍ മുറികള്‍ക്കുള്ള സൗകര്യമില്ല. 50 കിടക്കകള്‍ വീതമുള്ള രണ്ട്് ജനറല്‍ വാര്‍ഡുകളാണ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രവര്‍ത്തിക്കുന്നത്. സന്ധിവേദനയും പക്ഷാഘാതവും മൂലം നടക്കാനും നില്‍ക്കാനും കഴിയാത്തവരാണ് കിടപ്പുരോഗികളി ല്‍ അധികവും. പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഇവരെയുംകൊണ്ട് സമീപത്തെ ശൗചാലയങ്ങളില്‍ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും ബന്ധുക്കളും കൂട്ടിരിപ്പുകാരും വളരെബുദ്ധിമുട്ടനുഭവിച്ച് വരികയാണ്. സ്വകാര്യതയും ലഭിക്കുന്നില്ല. ഇതിന് പരിഹാരമായി ലിഫ്റ്റ് ഉള്‍െപ്പടെ ആധുനിക സൗകര്യങ്ങളുള്ള പേവാര്‍ഡാണ് നിര്‍മിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകരമാവും. പമ്പ ചെറുകിട ജലസേചന പദ്ധതിയുടെ ഭാഗമായിരുന്ന 70 സെന്റ് സ്ഥലം വാങ്ങി നിര്‍മിച്ച നാല് നില കെട്ടിടത്തിലാണ് ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം. ലിഫ്റ്റ് ഇല്ലാത്തതിനാല്‍ രോഗികളെ വീല്‍ചെയറിലും മറ്റും ചുമന്നുകൊണ്ടാണ് മുകളിലത്തെ നിലയില്‍ എത്തിക്കുന്നത്. ഇതിന് പരിഹാരമായി 40 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നടപടി തുടങ്ങി.
Next Story

RELATED STORIES

Share it