kozhikode local

ജില്ലാതല പ്രവേശനോല്‍സവം ചെമ്പുകടവ് സ്‌കൂളില്‍

താമരശ്ശേരി: ജില്ലാ സ്‌കൂള്‍ പ്രവേശനോല്‍സവത്തിനു കോടഞ്ചേരി ചെമ്പു കടവ് സ്‌കൂളില്‍ തകൃതിയായ ഒരുക്കങ്ങള്‍. ഗവ.യുപി സ്‌കൂളിന്റെ സല്‍പേര് തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് ഇക്കുറി ജില്ലാ സ്‌കൂള്‍ പ്രവേശനോല്‍സവം ചെമ്പുകടവില്‍ നടത്തുന്നത്. കുട്ടികളുടെ വിനോദ യാത്രക്കിടയില്‍ അധ്യാപകരും അറ്റന്ററും മദ്യം കടത്തി എന്നത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് ഇക്കുറി ജില്ലാ പ്രവേശനോല്‍സവം ചെമ്പുകടവില്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായി പുതിയ പ്രധാനാധ്യാപകന്‍ ഇവിടെ ചുമതലയേറ്റിട്ടുണ്ട്. ഇതിനു പുറമെ ആരോപണ വിധേയരായവരെ സ്ഥലംമാറ്റുകയും ചെയ്തു. കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുക എന്ന ലക്ഷ്യംവെച്ചാണ് വിദ്യാഭ്യാസ വകുപ്പും നാട്ടുകാരും ഇക്കുറി രംഗത്തിറങ്ങിയത്. ഇതിനെതുടര്‍ന്ന്് പുതുതായി ഒരു ഡിവിഷന്‍ കൂടി ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
ആദിവാസി മേഖലയായ ഇവിടെ ഏറെയും പാവപ്പെട്ടവന്റെ മക്കളാണ് പഠിതാക്കളായി എത്തുന്നത്. ഇവരുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യംവെച്ചാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പും ഉപജില്ലാ വിദ്യാഭ്യാസ വകുപ്പും നാട്ടുകാരുടെ സഹകരണത്തോടെ ഈ സര്‍ക്കാര്‍ യുപി സ്‌കൂളിനെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഒന്നാം ക്ലാസിലേക്ക് പുതുതായി നാല്‍പതിലധികം കുട്ടികള്‍ ചേര്‍ന്നുകഴിഞ്ഞു. സ്‌കൂള്‍ നിലനിര്‍ത്തുന്നതിനായി അവധിക്കാലത്ത് തന്നെ ജന പ്രതിനിധികളും വാര്‍ഡു തലത്തിലും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ഇതിന്റെ ഭാഗമായി വീടുകളില്‍ പ്രചരണം നടത്തി. മൈക്ക് പ്രചരണവും ഏര്‍പ്പെടുത്തിയതോടെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസം വീണ്ടടുക്കാനായെന്ന് പ്രധാനാധ്യാപകന്‍ പറയുന്നു. കഴിഞ്ഞ ഒന്നിനു മന്ത്രിയെകൊണ്ട്് ഉദ്ഘാടനം നിര്‍വ്വഹിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ നിപാ പനി മൂലം സ്‌കൂള്‍ തുറക്കല്‍ നീട്ടുകയായിരുന്നു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോല്‍സവം ഇന്ന് ചോയിമഠം എല്‍പി സ്‌കൂളില്‍ പ്രസിഡണ്ട് കെ കെ ബിനോയ് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it