ജില്ലാകോടതികളില്‍ കെട്ടിക്കിടക്കുന്നത് രണ്ടു കോടിയിലേറെ കേസുകള്‍; 20 ലക്ഷം കേസുകള്‍ സ്ത്രീകളുമായി ബന്ധപ്പെട്ടത്‌

ന്യൂഡല്‍ഹി: രാജ്യത്തെ ജില്ലാ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 2.18 കോടി കേസുകള്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഏപ്രില്‍ 30 വരെയുള്ള കണക്കാണിത്. മൊത്തം കെട്ടിക്കിടക്കുന്ന കേസുകളില്‍ 20 ലക്ഷം കേസുകള്‍ (ഏകദേശം പത്തു ശതമാനം) സ്ത്രീകളുമായി ബന്ധപ്പെട്ടതാണ്. മൂന്നു ശതമാനം മുതിര്‍ന്ന പൗരന്‍മാര്‍ നല്‍കിയതാണ്. മൊത്തം കെട്ടിക്കിടക്കുന്ന കേസുകളില്‍ 22.5 ലക്ഷം കേസുകള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി തീര്‍പ്പു കല്‍പിക്കപ്പെടാത്തവയാണ്. ഇതാവട്ടെ മൊത്തം കേസുകളുടെ 10.3 ശതമാനം വരും.
ആകെ 38.3 ലക്ഷം കേസുകള്‍ അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ (പത്തുവര്‍ഷത്തില്‍ കുറവും) കെട്ടിക്കിടക്കുന്നവയാണ്. ഇത് ആകെ കെട്ടിക്കിടക്കുന്ന കേസുകളുടെ 17.5 ശതമാനം വരും. അതായത്, രാജ്യത്തു നിലവില്‍ തീര്‍പ്പുകല്‍പിക്കപ്പെടാത്ത കേസുകളില്‍ 27.6 ശതമാനവും അഞ്ചുവര്‍ഷത്തിലേറെ കെട്ടിക്കിടക്കുന്നവയാണ് എന്നര്‍ഥം. 12 സംസ്ഥാനങ്ങളില്‍ മാത്രം അഞ്ചുലക്ഷത്തിലേറെ വീതം കേസുകളാണ് കെട്ടിക്കിടക്കുന്നത്. അതില്‍ ഉത്തര്‍പ്രദേശ് (51 ലക്ഷം കേസുകള്‍ മൊത്തം കെട്ടിക്കിടക്കുന്ന കേസുകളുടെ 23 ശതമാനം), മഹാരാഷ്ട്ര (29 ലക്ഷം -13 ശതമാനം), ഗുജറാത്ത് (22.5 ലക്ഷം -11 ശതമാനം), പശ്ചിമബംഗാള്‍ (13 ലക്ഷം-ആറു ശതമാനം), ബിഹാര്‍ (13 ലക്ഷം-ആറു ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ആറരലക്ഷം കേസുകളും ഗുജറാത്തില്‍ 5.2 ലക്ഷം കേസുകളും മഹാരാഷ്ട്രയില്‍ 2.5 ലക്ഷം കേസുകളും പത്തുവര്‍ഷത്തിലധികമായി കെട്ടിക്കിടക്കുന്നവയാണ്. ഇന്ത്യയില്‍ ഓരോ 73,000 ആളുകള്‍ക്കും ഒരു ജഡ്ജി എന്ന ആനുപാതമാണ് നിലവിലുള്ളത്. ഓരോ ജഡ്ജിയുടെ പരിധിയിലും ശരാശരി 1,350 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇത് ഓരോ മാസവും ശരാശരി 43 കേസുകള്‍ എന്ന തോതില്‍ വര്‍ധിക്കുകയാണ്.
ഡല്‍ഹിയിലാണ് ഏറ്റവും കുറച്ച് ജഡ്ജിമാരുള്ളത്. ഡല്‍ഹിയില്‍ 4,92,742 പേര്‍ക്ക് ഒരു ജഡ്ജിയാണുള്ളത്. ഉത്തര്‍പ്രദേശില്‍ ഒരുജഡ്ജിക്ക് ശരാശരി 2513 കേസുകളാണ് കെട്ടിക്കിടക്കുന്നതെങ്കില്‍ കേരളത്തില്‍ ഇത് 1881 ആണ്. ഇക്കാര്യത്തില്‍ ദേശീയതലത്തില്‍ മൂന്നാമതാണ് കേരളത്തിന്റെ സ്ഥാനം.
Next Story

RELATED STORIES

Share it