ജില്ലാകലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിഷേധവുമായി കൊച്ചി കോര്‍പറേഷന്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കലക്ടര്‍ക്കെതിരേ പ്രതിഷേധവുമായി കോര്‍പറേഷന്‍ ഭരണാധികാരികള്‍. കലക്ടര്‍ക്കെതിരേ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുന്നതടക്കമുള്ള നടപടികള്‍ കോര്‍പറേഷന്‍ ഭരണനേതൃത്വം സ്വീകരിച്ചേക്കും. കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിയെ വിമര്‍ശിച്ചു ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്.
ലോഗോയും ടാഗ് ലൈനുമല്ല സ്മാര്‍ട്ട് സിറ്റിയെന്നു പറഞ്ഞുകൊണ്ടാണ് കലക്ടര്‍ എം ജി രാജമാണിക്യം തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റികളിലൊന്നാവാന്‍ ഒരുങ്ങുകയാണ് കൊച്ചി. മാലിന്യക്കൂമ്പാരത്താല്‍ ചീഞ്ഞളിഞ്ഞ തെരുവോരങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ, നടപ്പാതകളില്ലാത്ത റോഡുകള്‍, ആസൂത്രണമില്ലാതെ കെട്ടിയുയര്‍ത്തിയ കെട്ടിടങ്ങള്‍... ഇതിനെല്ലാം പരിഹാരമാവേണ്ട പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. എന്നാല്‍, കൊച്ചിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സിലിന്റെ ചര്‍ച്ചാവിഷയം ലോഗോയും ടാഗ്‌ലൈനും നഗരത്തിലെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും നീലപ്പെയിന്റടിക്കലും മാത്രമായി.
സ്വീവേജ് സംസ്‌കരണത്തിനായി കെഎസ്‌യുഡിപി മുഖേന അനുവദിച്ച പദ്ധതി അവതാളത്തില്‍ പോയതിനെക്കുറിച്ചുള്ള ചര്‍ച്ച, ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച ചര്‍ച്ച ഇങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്ന ജനങ്ങളല്ലേ വിഡ്ഢികള്‍. ഇനിയെങ്കിലും നമ്മുടെ തെരുവുകളില്‍ മാലിന്യമുണ്ടാവാതിരിക്കാന്‍, പൊതുഗതാഗതം മെച്ചപ്പെടുത്താന്‍, നഗരവികസനം ആസൂത്രിതമാവാന്‍... എന്തെങ്കിലും ചര്‍ച്ച നടക്കുമോയെന്നും കലക്ടര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ചോദിക്കുന്നു.
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെയാണ് പ്രതിഷേധവുമായി ഭരണനേതൃത്വം രംഗത്തെത്തിയത്. നഗരസഭയെ കുറ്റപ്പെടുത്തി കലക്ടര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണെന്നു ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് പറഞ്ഞു. കലക്ടര്‍ താന്‍ വഹിക്കുന്ന പദവിയുടെ ഔന്നത്യം മനസ്സിലാക്കാതെയുള്ള പ്രതികരണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുമെന്നു ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ വി സാബു പറഞ്ഞു. എന്തോ ഈഗോ ഉള്ളതുപോലെയാണ് കലക്ടറുടെ പ്രവൃത്തിയില്‍ നിന്നും സംസാരത്തില്‍ നിന്നും മനസ്സിലാവുന്നത്. ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ള ഭരണസമിതിക്കെതിരേ ജില്ലാ ഭരണാധികാരിയെന്ന നിലയില്‍ കലക്ടര്‍ ഒരു വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളുന്ന സാഹചര്യമാണ്. പ്രതിപക്ഷ രാഷ്ട്രീയക്കാരന്റെ റോളിലേക്കു കലക്ടര്‍ മാറിയിരിക്കുകയാണെന്നും എ ബി സാബു പറഞ്ഞു.
Next Story

RELATED STORIES

Share it