kasaragod local

ജില്ലയ്ക്ക് എയിംസ് അനുവദിച്ചുകിട്ടാന്‍ ജനകീയ പോരാട്ടം വേണം: എസ് പി ഉദയകുമാര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അടക്കമുള്ള കഷ്ടപ്പെടുന്ന ജനതക്ക് ആശ്വാസമേകുന്ന എയിംസ് ആശുപത്രി ജില്ലയില്‍ സ്ഥാപിച്ചു കിട്ടാന്‍ ശക്തമായ പ്രക്ഷോഭം നടത്തണമെന്ന് കൂടംകുളം ആണവ വിരുദ്ധ സമര നായകന്‍ എസ് പി ഉദയകുമാര്‍ പറഞ്ഞു. എയിംസ് അനുവദിച്ചു കിട്ടുന്നതിനായി ജനകീയ കൂട്ടായ്മ ഒരുക്കുന്നതിനായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടത്തിയ ബഹുജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഷ്ടപ്പെടുന്നവരുടെ കൂടെ ഇരിക്കുമ്പോള്‍ ചെറിയ സന്തോഷം തോന്നുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ആ സമയം വോട്ട് ചോദിക്കാന്‍ വരുന്ന രാഷ്ട്രീയക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തി ഉറപ്പ് വാങ്ങിക്കാന്‍ നമുക്ക് കഴിയണം. ഇപ്പോഴുള്ള രാഷ്ട്രീയക്കാരെല്ലാം പണമുണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അധികാരം ഉണ്ടെങ്കില്‍ പണം ഉണ്ടാക്കാം എന്നാണ് ഇവര്‍ ചിന്തിക്കുന്നത്. പതിനായിരത്തോളം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള ജില്ലയില്‍ തന്നെയാണ് എയിംസ് സ്ഥാപിക്കേണ്ടത്. എയിംസ് കാസര്‍കോടുകാരുടെ ഒരു പ്രാദേശിക വിഷയമായി കാണാതെ ദേശീയ പ്രശ്‌നമായി ഉയര്‍ത്തികൊണ്ടുവരണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കൊണ്ട് തീരുമാനം എടുപ്പിക്കാന്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരണം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ധാരാളം മെഡിക്കല്‍ കോളജുകളും ആശുപത്രികളുമുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാത്ത കേരളത്തിന്റെ മൂലയില്‍ സ്ഥിതിചെയ്യുന്ന കാസര്‍കോട് എയിംസ് വരുന്നത് എല്ലാവര്‍ക്കും ആശ്വാസമാകും.
ഭോപ്പാലിനേക്കാള്‍ വലിയ ദുരന്തമാണിത്. വിഷം നല്‍കി ജനങ്ങളെ കൊല്ലാന്‍ കൂട്ടുനിന്നവര്‍ അര്‍ഹമായ നഷ്ടപരിഹാരവും സഹായവും ദുരിതബാധിതര്‍ക്ക് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ മുന്നണി പ്രസിഡന്റ്് മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വി ശിവപ്രസാദ്, സി രാജന്‍, എം അനന്തന്‍ നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, പി കെ അബ്ദുല്ല, പ്രഫ. ഗോപിനാഥന്‍, പി പി കെ പൊതുവാള്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, ടി ടി ജേക്കബ്, മധു എസ് നായര്‍, പി മുരളീധരന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, ഫാറൂഖ് കാസ്മി, മേരി വാഴയില്‍, അഹ്‌റാസ് അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സംസാരിച്ചു.
സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും: എംഎല്‍എ
കാസര്‍കോട്: കേരളത്തിന് അനുവദിച്ച് എയിംസ് ജില്ലയില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. കാസര്‍കോടിനൊരിടം തയാറാക്കിയ റിപ്പോര്‍ട്ട് കൈപറ്റി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ഷമീം, ശിഹാബ് കെജെ മൊഗര്‍, അഹ്‌റാസ് അബൂബക്കര്‍, കെപിഎസ് വിദ്യാനഗര്‍, കെഎ മുഹമ്മദ് വാസില്‍, സഫ്‌വാന്‍ വിദ്യാനഗര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it